ലഹരിയിൽ പുകഞ്ഞ്...
1533651
Sunday, March 16, 2025 11:50 PM IST
പനച്ചികപ്പാറയിൽ കഞ്ചാവുമായി
പത്താം ക്ലാസ് വിദ്യാർഥി പിടിയിൽ
ഈരാറ്റുപേട്ട: പൂഞ്ഞാർ പനച്ചികപ്പാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയിൽ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പനച്ചികപ്പാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കൈയിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു.
സംഘം നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നതായി എക്സൈസ് പറഞ്ഞു. പ്രശ്നക്കാരനായ ഈ വിദ്യാർഥിയെ മറ്റൊരു സ്കൂളിൽനിന്നും നേരത്തെ പുറത്താക്കിയിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ബിനീഷ്, ഉദ്യോഗസ്ഥനായ പ്രതീഷ്, ഡ്രൈവർ സജി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വീണു പരിക്കേറ്റ പ്രസാദിന്റെ കൈക്ക് പൊട്ടലുണ്ട്.
ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുക്കും. കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥിയെ ജാമ്യത്തിൽ വിട്ടയച്ചു.
പനച്ചികപ്പാറയിൽ
കഞ്ചാവുചെടിയും
ഈരാറ്റുപേട്ട: കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെ കഞ്ചാവുചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം.
പ്രദേശവാസിയായ അജയൻ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഒരു ദിവസം;
12 കേസുകൾ
കോട്ടയം: ജില്ലയിൽ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച മാത്രം 12 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതികളിൽ ഒരാളൊഴികെ എല്ലാവരും വില്പനയ്ക്കായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചവരാണ്. മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, തിടനാട്, ചിങ്ങവനം, ഗാന്ധിനഗർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
തലയോലപ്പറമ്പിൽ വിവാഹ ആഘോഷം കളറാക്കുന്നതിന് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. ആകെ 12 പ്രതികളിൽ രണ്ടു പേർ അന്യ സംസ്ഥാന തൊഴിലാളികളാണ്. ലഹരി വ്യാപനം തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് അറിയിച്ചു.