മുണ്ടക്കയം സബ് ട്രഷറിയുടെ നിർമാണം പുരോഗമിക്കുന്നു
1533614
Sunday, March 16, 2025 10:36 PM IST
മുണ്ടക്കയം: മുണ്ടക്കയം സബ് ട്രഷറിയുടെ നിർമാണം പുരോഗമിക്കുന്നു. ബസ് സ്റ്റാൻഡിനോട് ചേർന്നു നിർമിക്കുന്ന തിലകൻ സ്മാരക മന്ദിരത്തിന് സമീപത്താണ് പുതിയ സബ് ട്രഷറി നിർമിക്കുന്നത്.
മുണ്ടക്കയം പഞ്ചായത്ത് വിട്ടുനൽകിയ പത്തു സെന്റ് സ്ഥലത്ത് രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ നിർമാണമാണ് നടക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.74 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സബ് ട്രഷറി മന്ദിരം നിർമിക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി നിർമാണ പുരോഗതി വിലയിരുത്തി.
അടുത്തമാസം ധനമന്ത്രി ടി.എൻ. ബാലഗോപാലിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടനം നടത്തുമെന്നും വളരെ വേഗത്തിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ഘാടനത്തിന് മുമ്പേ പണികൾ ആരംഭിച്ചതെന്നും എംഎൽഎ പറഞ്ഞു.
വാടകക്കെട്ടിടത്തിൽ രണ്ടാമത്തെ നിലയിലാണ് നിലവിൽ മുണ്ടക്കയത്തെ സബ് ട്രഷറി പ്രവർത്തിക്കുന്നത്. പ്രായമായവർക്കടക്കം ഇതു വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. വിവിധ പെൻഷൻ സംഘടനകളടക്കം പുതിയ സബ് ട്രഷറി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനെല്ലാം പരിഹാരമായിട്ടാണ് ഇപ്പോൾ ബസ് സ്റ്റാൻഡിനോട് ചേർന്ന് പുതിയ സബ് ട്രഷറി മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.