കിഴിവിനായി വിലപേശല്‍; നട്ടംതിരിഞ്ഞ് നെല്‍കര്‍ഷകര്‍
1533292
Sunday, March 16, 2025 2:36 AM IST
കോട്ടയം: മില്ലുകാരും ഇടനിലക്കാരും പാഡി ഓഫീസര്‍മാരും ഒത്തുകളിച്ചതോടെ നെല്ലുവില്ക്കാന് കര്‍ഷകരുടെ നെട്ടോട്ടം. പാടങ്ങളിലെ നെല്ക്കൂനകള്ക്കരികില് മില്ലുകാരുടെ ലോറി നെല്ലെടുക്കാന്‍ വരുന്നതും കാത്ത് കര്‍ഷകര്‍ തിങ്കളാഴ്ചമുതല്‍ കാത്തിരിപ്പിലാണ്.
വ്യാഴാഴ്ച വേണ്ടിടത്തോളം മില്ലുകാര്‍ എത്തുമെന്നായിരുന്നു പാഡി ഓഫീസര്‍മാര്‍ നല്കിയ ഉറപ്പ്. അതുണ്ടാകാതെ വന്നതോടെ കര്‍ഷകര്‍ പാഡി ഓഫീസ് ഉപരോധിച്ചു. ഇന്നലെ മില്ലുകാര്‍ വന്നാല്‍ ക്വിന്റലിന് ഒരു കിലോ കിഴിവ് നല്‍കാമെന്ന് കര്‍ഷകര്‍ വിട്ടുവീഴ്ച ചെയ്തിരുന്നു.
ഇന്നലെയും മില്ലുകാര്‍ വരാതായതോടെ നാളെ മുതല്‍ കൊയ്ത്ത് ഉപേക്ഷിച്ച് പാഡി ഓഫീസ് ഉപരോധിക്കാനാണ് തീരുമാനം. പരിപ്പ്, ആര്‍പ്പൂക്കര, അയ്മനം, കാഞ്ഞിരം, കുമരകം, തലയാഴം, വൈക്കം, വെച്ചൂര്‍ പ്രദേശങ്ങളില്‍ രണ്ടായിരം ടോറസിനുള്ള നെല്ലാണ് കെട്ടിക്കിടക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ഒന്‍പതിനായിരം ഏക്കര്‍ ജെ ബ്ലോക്കിലും സ്ഥിതി ഇതുതന്നെ.
കൊയ്തുമെതിച്ചിട്ട് പത്തു ദിവസം പിന്നിട്ട നെല്ലും ഇതില്‍പ്പെടും. വേനല്‍മഴ ശക്തിപ്പെട്ട് പുഞ്ചനെല്ല് അപ്പാടെ നനഞ്ഞു കിളിര്‍ക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. നിലവില്‍ 12 മില്ലുകാര്‍ മാത്രമാണ് അപ്പര്‍കുട്ടനാട്ടില്‍ നെല്ല് സംഭരണത്തിന് എത്തിയിട്ടുള്ളത്. മഴ പെയ്താല്‍ മൂന്നും നാലും കിലോ കിഴിവ് ചോദിച്ച് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് മില്ലുകാരുടേത്.
അപ്പര്‍ കുട്ടനാട്ടില്‍ ഈര്‍പ്പവും കറവലും കൂടുതലാണെന്നു പറഞ്ഞാണ് മില്ലുടമകള്‍ നെല്ല് ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നത്. ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ തണ്ണീര്‍ത്തട കൃഷിയിടവും കരിനിലവും കൂടുതലായതിനാല്‍ വിളയുന്ന നെല്ലിന് കറുപ്പ് (കറവല്‍) തോന്നിക്കുമെന്നു കര്‍ഷകര്‍ പറയുന്നു.
100 കിലോ നെല്ല് സംഭരിച്ചാല്‍ 68 കിലോ അരിയാണ് മില്ലുകാര്‍ സപ്ലൈകോയ്ക്ക് തിരികെ നല്‍കേണ്ടത്. അപ്പര്‍ കുട്ടനാട്ടില്‍ 64 കിലോയില്‍ കൂടുതല്‍ ലഭിക്കില്ലെന്നാണ് മില്ലുകാരുടെ പരാതി. എന്നാല്‍ ഈ പ്രദേശത്തെ ചെറുകിട മില്ലുകളില്‍ നെല്ലു കുത്തിയപ്പോള്‍ 70 കിലോവരെ അരി ലഭിച്ചതായി കര്‍ഷകര്‍ പറയുന്നു. മാത്രവുമല്ല, കുത്തുകൂലിക്കു പുറമെ മില്ലുകളില്‍ ശേഷിക്കുന്ന തവിടും ഉമിയും മില്ലുകാര്‍ക്ക് വരുമാനമാണ്. തവിടെണ്ണയുടെ വില ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ സമീപനം തുടര്‍ന്നാല്‍ നെല്‍കൃഷി പൂര്‍ണമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിച്ചെലവ് ഒരു പതിറ്റാണ്ടിനുള്ളില്‍ 70 ശതമാനത്തോളമാണ് വര്‍ധന. സര്‍ക്കാര്‍ നെല്ല് സംഭരണം ആരംഭിച്ച കാലംമുതല്‍ ഒരു ക്വിന്റല്‍ നെല്ലിനു 12 രൂപയാണു കൈകാര്യച്ചെലവു നല്‍കുന്നത്.
ഒരു കിലോ നെല്ലിന് നൂറു രൂപയ്ക്കു മുകളിലാണ് നിലവിലെ കൈകാര്യച്ചെലവ്. കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച സബ്സിഡി നിരക്ക് കണക്കാക്കിയാല്‍ ഒരു കിലോ നെല്ലിന് 33 രൂപ ലഭിക്കണ്ടതാണ്. മാത്രവുമല്ല വിറ്റ നെല്ലിന് പണം നല്‍കുന്നുമില്ല.
പാഡി ഓഫീസര്‍മാര്‍ ആരുടെ പക്ഷം?
കോട്ടയം: നിരുത്തരവാദിത്വവും അനാസ്ഥയും കൊടികുത്തിവാഴുന്ന കൃഷിവകുപ്പില്‍ ഏതാനും പേരുടെ പിടിപ്പുകേടിന്റെ ഇരകളാണ് നെല്‍കര്‍ഷകര്‍. ഫെബ്രുവരി അവസാനവാരത്തോടെ പുഞ്ച കൊയ്ത്തിന് തുടക്കമാകുമെന്നിരിക്കെ ഇതിനുള്ള ഒരു ക്രമീകരണവും കൃഷിവകുപ്പ് ഒരുക്കിയില്ല. ഇടനിലക്കാര്‍ പരമാവധി കമ്മീഷന് വാങ്ങിയെടുക്കട്ടെയെന്നും അവരുടെ വരുമാന വിഹിതം പറ്റാമെന്നുമുള്ള നയമായിരുന്നു ഏതാനും പാഡി ഓഫീസര്‍മാര്‍ക്ക്.
വാടക, കൂലി നിരക്ക് എന്നിവ നിശ്ചയിക്കുക, വേണ്ടുവോളം യന്ത്രങ്ങള്‍ സമയബന്ധിതമായി എത്തിക്കുക, ആവശ്യമനുസരിച്ച് ഓരോ പ്രദേശത്തും യന്ത്രങ്ങള്‍ വിന്യസിപ്പിക്കുക, അതേ തോതില്‍ മില്ലുകാരെ കൊണ്ടുവരിക തുടങ്ങിയ ഉത്തരവാദിത്വങ്ങളില്‍നിന്ന് പാഡി ഓഫീസര്‍മാര്‍ വിട്ടുനിന്നു.
മാര്‍ച്ചില്‍ വേനല്‍മഴ പതിവാണെന്നും 10 ശതമാനത്തോളം നെല്ല് കര്‍ഷകര്‍ക്ക് നഷ്ടപ്പെടാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കും അറിയാം. ഇക്കൊല്ലത്തെ കാലാവസ്ഥയും കാര്‍ഷിക കലണ്ടറുമൊന്നും ഉദ്യോഗസ്ഥര്‍ പരിഗണനയ്ക്കെടുത്തില്ല. കൃഷിവകുപ്പും സഹകരണസ്ഥാപനങ്ങളും ജില്ലാ പഞ്ചായത്തും വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങള്‍ വിളവെടുപ്പിനു മുന്‍പേ കേടുപാടു തീര്‍ക്കാനും ഉത്തരവാദിത്വം കാണിച്ചില്ല.
അപ്പര്‍ കുട്ടനാട്ടില്‍ ഇപ്പോഴത്തെ വിളവിന് ഈര്‍പ്പോ പതിരോ കറവലോ ഇല്ലെന്നും ഒരു കിലോ പോലും കിഴിവ് നല്‍കേണ്ടെന്നും കഴിഞ്ഞയാഴ്ച പാടങ്ങളിലെത്തി ഓഫീസര്‍മാര്‍ കര്‍ഷകര്‍ക്ക് വാക്കുനല്കിയിരുന്നു. എന്നാല്‍ മഴ പെയ്തതോടെ മില്ലുകള്‍ക്ക് കിഴിവ് നല്‍കണമെന്നാണ് ഇപ്പോള്‍ ഇതേ ഉദ്യോഗസ്ഥരുടെ നയം.
കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍പോലും ഇവര്‍ തയാറല്ല. അപ്പര്‍ കുട്ടനാട്ടില്‍ 70 ശതമാനം പാടങ്ങളിലും വിളവെടുക്കാന്‍ പാകമായി. വൈകുംതോറും നെല്ല് കര്‍ഷകര്‍ക്ക് ബാധ്യതയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.