റബര്‍ ബോര്‍ഡിന് ശനിവില മാറില്ല; കര്‍ഷകര്‍ക്കു വന്‍ നഷ്ടം
1533286
Sunday, March 16, 2025 2:36 AM IST
കോട്ടയം: മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റിന് ശനിയാഴ്ചകളില്‍ വില എത്ര ഉയര്‍ന്നാലും റബര്‍ ബോര്‍ഡിന് വിലനിരക്ക് വെള്ളിയാഴ്ചകളിലേതുതന്നെ. ഇതുമൂലം നഷ്ടം കര്‍ഷകര്‍ക്കും. ഇന്നലെ മാര്‍ക്കറ്റില്‍ 199 രൂപയ്ക്കുവരെ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് വ്യാപാരം നടന്നു. ഗ്രേഡ് അഞ്ചിന് 155 രൂപയും.
വ്യാഴാഴ്ച മുതല്‍ ഡീലര്‍മാര്‍ 197 രൂപയ്ക്കു മുകളില്‍ ചരക്ക് വാങ്ങുമ്പോഴും വ്യവസായ താത്പര്യംമാത്രം സംരക്ഷിക്കുന്ന റബര്‍ ബോര്‍ഡിന് മൂന്നു രൂപ കുറവ്. ശനിയാഴ്ചകളില്‍ ഡീലര്‍മാരെയോ വ്യവസായികളെയോ വിളിച്ച് മാര്‍ക്കറ്റ് നില ചോദിച്ചറിയാതെ വെള്ളിയാഴ്ചത്തെ അതേ നിരക്ക് റബര്‍ ബോര്‍ഡ് ശനിയാഴ്ചയും ആവര്‍ത്തിക്കുകയാണ് എക്കാലത്തെയും പതിവ്.
വിപണിയില്‍ ചരക്കിന് എത്ര വില കൂടിയാലും റബറിന് ക്ഷാമം നേരിട്ടാലും വെള്ളിയാഴ്ചത്തെ വില ശനിയാഴ്ചയും ആവര്‍ത്തിക്കും. ഇത്തരത്തില്‍ ഗ്രാമീണ മേഖലയില്‍ ഇന്നലെ ഷീറ്റുവിറ്റ ചെറുകിട കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായത്. അതായത് നൂറു കിലോ റബര്‍ വിറ്റ കര്‍ഷകര്‍ക്ക് 500 രൂപയുടെ നഷ്ടം.
ഒരു വിഭാഗം ഡീലര്‍മാര്‍ക്കാണ് ഇതിന്റെ നേട്ടം. ഹോളി പ്രമാണിച്ച് വ്യവസായികള്‍ ഒരാഴ്ചയായി ചരക്ക് വാങ്ങാന്‍ എത്തുന്നില്ല. തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റ് സജീവമാകുമെന്നാണ് കരുതുന്നത്. വേനലില്‍ ടാപ്പിംഗ് നിറുത്തിയതിനാല്‍ റബര്‍ ഷീറ്റിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. മഴ ശക്തിപ്പെടാതെ ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ താത്പര്യപ്പെടുന്നില്ല. റബര്‍ ബോര്‍ഡ് വില എത്ര താഴ്ത്തിയാലും അടുത്ത ദിവസങ്ങളില്‍ 200 രൂപയ്ക്കു മുകളില്‍ വ്യാപാരം നടക്കുമെന്നാണ് വിപണി സൂചന.