മൂഴൂർ ഗവ. ആയുർവേദാശുപത്രി പ്രവർത്തനം തുടങ്ങുന്നു
1533285
Sunday, March 16, 2025 2:36 AM IST
മൂഴൂർ: അകലക്കുന്നം പഞ്ചായത്തിലെ മൂഴൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രി ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിക്കും. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ കൂടിയ ആശുപത്രി മാനേജിംഗ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.
മെഡിക്കൽ ഓഫീസർ ഉൾപ്പെടെ നാലു പുതിയ തസ്തികകളിലേക്ക് നിയമനവും നടത്തിയിട്ടുണ്ട്. 32 കിടക്കകളുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നതെങ്കിലും തുടക്കത്തിൽ പത്തു കിടക്കകളുള്ള ആശുപത്രിയാണ് പ്രവർത്തനം ആരംഭിക്കുന്നത്.
അന്തരിച്ച ഉമ്മൻ ചാണ്ടി എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 2017ൽ ഒരു കോടി രൂപയും ജോസ് കെ. മാണി എംപിയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും മുടക്കിയാണ് ആശുപത്രി കെട്ടിടം പണിതീർത്തിരിക്കുന്നത്.
ആശുപത്രിക്ക് ഉമ്മൻ ചാണ്ടി സ്മാരക ആശുപത്രി എന്നു നാമകരണം ചെയ്യാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്ന 20 സെന്റ് സ്ഥലത്തിൽ 10 സെന്റും കൂരോപ്പട മുൻ പഞ്ചായത്ത് അംഗം അന്തരിച്ച പി.എം. ആന്റണി സംഭാവന നൽകിയിട്ടുള്ളതാണ്.