റോഡിന് സ്ഥലം നൽകിയ സ്കൂളിന് സംരക്ഷണഭിത്തി നിർമിച്ചു നൽകണമെന്ന് ചിറക്കടവ് പഞ്ചായത്തിനോട് സർക്കാർ
1533282
Sunday, March 16, 2025 2:26 AM IST
പൊൻകുന്നം: പൊന്നയ്ക്കൽക്കുന്ന്-കുന്നുംഭാഗം റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത സ്കൂളിന് സംരക്ഷണഭിത്തി നിർമിച്ചു നൽകാൻ ചിറക്കടവ് പഞ്ചായത്തിനു തദ്ദേശവകുപ്പിന്റെ ഉത്തരവ്. ചിറക്കടവ് വെള്ളാളസമാജം സ്കൂളിന്റെ തെക്കുവശത്ത് 20 അടി ഉയരമുള്ള കെട്ട് നിർമിക്കാനാണ് ഉത്തരവ് നൽകിയതെന്നു സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
റോഡ് വീതി കൂട്ടുന്നതിനായി മണ്ണെടുത്തുമാറ്റിയ ഭാഗം അപകടകരമായ തിട്ടയായി. സ്കൂൾ കെട്ടിടത്തോടുചേർന്നു തിട്ട പലവട്ടം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. പൊതുസുരക്ഷ കണക്കിലെടുത്ത് പഞ്ചായത്തിന്റെ റോഡ് മെയിന്റനൻസ് ഫണ്ടോ തനതുഫണ്ടോ വികസനഫണ്ടോ വിനിയോഗിക്കുന്നതിനു പഞ്ചായത്തിനു സർക്കാർ അനുമതി നൽകി.
2017 മുതൽ ഈ ആവശ്യവുമായി വകുപ്പുകളുടെ പിന്നാലെ പരാതിയുമായി നടന്നിട്ടും എട്ടുവർഷത്തിനുശേഷമാണ് പരിഹാരത്തിനു വഴിതുറന്നത്. ത്രിതല പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, ജില്ലാഭരണകൂടം, മനുഷ്യാവകാശ കമ്മീഷൻ, ഹൈക്കോടതി തുടങ്ങി വിവിധ തലങ്ങളിൽ പരാതികളുമായി സമീപിച്ചു.
ജില്ലാ ഭരണകൂടവും മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും അനുകൂല നിർദേശങ്ങൾ നൽകിയിട്ടും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് പഞ്ചായത്ത് ഒഴിവായി. നിർമാണം ഏറ്റെടുക്കേണ്ടതില്ലെന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സർക്കാർ ഉത്തരവ്.
പത്രസമ്മേളനത്തിൽ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള, സെക്രട്ടറി എം.എൻ. രാജരത്നം, കൺവീനർ സുമേഷ് ശങ്കർ പുഴയനാൽ, ട്രഷറർ പി.പി. രാജൻ, പിടിഎ പ്രസിഡന്റ് ജിൻസ് തോമസ്, പ്രഥമാധ്യാപിക പി.എൻ. സിജു, ബി. ശ്രീരാജ്, വി.എൻ. ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.