വനം-വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യണം: ഡോ. എൻ. ജയരാജ്
1533280
Sunday, March 16, 2025 2:26 AM IST
കൂട്ടിക്കൽ: 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കേരള കോൺഗ്രസ് -എം സംഘടിപ്പിച്ച ജനകീയയാത്ര കൂട്ടിക്കലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾമൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ്-എം എംഎൽഎമാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഡോ. എൻ. ജയരാജ് കൂട്ടിച്ചേർത്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി ആഗസ്തി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴികാടൻ, വിജി എം. തോമസ്, ബിജോയ് ജോസ് മുണ്ടുപാലം, കെ.ജെ. തോമസ് കട്ടയ്ക്കൽ, സക്കറിയ ഡൊമിനിക് ചെമ്പകത്തിങ്കൽ, തോമസ് മാണി, സുമേഷ് ആൻഡ്രൂസ്, ചാർലി കോശി, ബിനോ ചാലക്കുഴി എന്നിവർ പ്രസംഗിച്ചു.