അങ്കണവാടി ടീച്ചര്‍ നിയമനം : ബിജെപി മാര്‍ച്ചും ധർണയും നടത്തി
1533252
Saturday, March 15, 2025 7:24 AM IST
ചങ്ങനാശേരി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അങ്കണവാടി ടീച്ചര്‍ നിയമനത്തിന്റെ പേരിലുള്ള വിവാദം ചോദ്യം ചെയ്ത ബിജെപി കൗണ്‍സിലര്‍മാരോട് നഗരസഭാ ചെയര്‍പേഴ്സണ്‍ മോശമായി പെരുമാറിയെന്നാരോപിച്ചും ഇഷ്ടക്കാരെ ഉള്‍പ്പെടുത്തി തസ്തികകളില്‍ നടത്തിയ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
പെരുന്ന മാരാര്‍ജി ഭവനില്‍നിന്നും ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിലെത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രസന്നകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഷൈലമ്മ രാജപ്പന് ഉദ്ഘാടനം ചെയ്തു. രതീഷ് ചെങ്കിലാത്ത്, കണ്ണന്പായിപ്പാട്, എം.പി. രവി, പി.ആര്. വിഷ്ണുദാസ്, വിജയലക്ഷ്മി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിജെപി പ്രതിഷേധം പ്രഹസനമെന്ന് യുഡിഎഫ്
ചങ്ങനാശേരി: നഗരസഭയിലെ അങ്കണവാടി ടീച്ചര്‍മാരെ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നടത്തുന്ന പ്രതിഷേധങ്ങള്‍ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി.
യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് അങ്കണവാടി ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി രൂപീകരിച്ച ഇന്റര്‍വ്യൂ ബോര്‍ഡ് ആക്ഷേപം ഉന്നയിച്ച് പിരിച്ചുവിടീച്ചതും എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ തെരഞ്ഞെടുത്ത ഇന്റര്‍വ്യൂ ബോര്‍ഡിന് എതിരായി മിണ്ടാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. നിലവിലെ ഇന്റര്‍വ്യൂ ബോര്‍ഡിനെതിരേ യുഡിഎഫ് നഗരസഭാ കൗണ്‍സിലില്‍ അടക്കം പ്രതിഷേധമുയര്‍ത്തിയിരുന്നു.
അങ്കണവാടി ടീച്ചര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത് ശിശുക്ഷേമ സമിതിയാണ്.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടാനും യോഗത്തില്‍ തീരുമാനമായതായി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ്, ഉപനേതാവ് സന്തോഷ് ആന്റണി എന്നിവര്‍ പറഞ്ഞു.