കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
1533229
Saturday, March 15, 2025 7:05 AM IST
ചങ്ങനാശേരി: 1.4 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. ആസാം ദീമാംജി ഗുന്‍ഗുഹ സ്വദേശി അസിം ചങ്മയ് (35)ആണ് അറസ്റ്റിലായത്. കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങളും ഇയാളില്‍നിന്നും പിടിച്ചെടുത്തു.
ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തെങ്ങണ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നു 10,800 രൂപയും പിടിച്ചെടുത്തു. ഓണ്‍ലൈനില്‍നിന്നു വാങ്ങിയ ഉപകരണം ചേര്‍ത്താണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. അതിനാല്‍ വിദ്യാര്‍ഥികളും യുവാക്കളും അടക്കമുള്ള ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും ഉപഭോഗവും തകൃതിയായി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം. നൗഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
ഇയാളില്‍നിന്നു കഞ്ചാവ് വാങ്ങി വില്പന നടത്തുന്ന ചെറുകിട കച്ചവടക്കാരും ഏറെയുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി. രാജേഷ്, ഉദ്യോഗസ്ഥരായ അരുണ്‍ സി. ദാസ്, ദീപക് സോമന്, അരുണ്‍ ലാല്‍, നിഫി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.