ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന്... സ്വാശ്രയസംഘ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കെഎസ്എസ്എസ്
1533227
Saturday, March 15, 2025 7:05 AM IST
കോട്ടയം: സമൂഹത്തെ ബാധിച്ചിരിക്കുന്ന മാരക വിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കോ-ഓര്ഡിനേറ്റേഴ്സിനുമായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു.
സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിപത്തായ ലഹരിയുടെ അപകടം തിരിച്ചറിയുന്നതോടൊപ്പം അതിനെ പ്രതിരോധിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ എല്ലാ തലങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ബോധവത്കരണ സെമിനാറിന് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ് നേതൃത്വം നല്കി. സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ലീഡ് കോ-ഓര്‍ഡിനേറ്റര്‍ ബെസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
അവബോധ പരിപാടികളോടൊപ്പം സ്വാശ്രയസംഘ ഗ്രൂപ്പുകളുടെയും ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ ലഹരി വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.