രാഷ്ട്രപിതാവിനെ കാണാം, കോട്ടയത്തും വൈക്കത്തും ചങ്ങനാശേരിയിലും യൂണിവേഴ്സിറ്റിയിലും
1532978
Saturday, March 15, 2025 12:02 AM IST
കോട്ടയം: മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശന സ്മരണകളില്‍ കോട്ടയത്തും ചങ്ങനാശേരിയിലും സ്ഥാപിച്ച ഗാന്ധിപ്രതിമകള്‍ ചരിത്രശേഷിപ്പുകളായി. രാജ്യത്തെതന്നെ ലക്ഷണമൊത്ത ഗാന്ധി പ്രതിമകളിലൊന്നാണു കോട്ടയത്തുള്ളത്. കോട്ടയം സന്ദര്‍ശനത്തിന്റെ സ്മരണയില്‍ നഗരസഭാ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1971 ഒക്ടോബര്‍ രണ്ടിനാണു പ്രതിമ സ്ഥാപിച്ചത്. തിരുനക്കരയില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ട് 54 വര്‍ഷം തികയുന്നു.
ഒരു കൈയില്‍ മുളവടിയും മറുകൈയില്‍ ഭഗവദ്ഗീതയുമായി ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്നതാണു പ്രതിമ. ഉയരം ഏഴേകാല്‍ അടി. വെങ്കലത്തില്‍ മുംബൈയിലെ ഒരു കമ്പനിയാണു പ്രതിമ നിര്‍മിച്ചത്. ലൈബ്രറി ജംഗ്ഷന് എന്നറിയപ്പെട്ടിരുന്ന ഇവിടം പ്രതിമ വന്നതോടെ ഗാന്ധി സ്ക്വയറായി. ഗാന്ധിയന്‍ കെ. കേളപ്പനെയാണ് ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു തീരുമാനം മാറ്റി. ഉപരാഷ്ട്രപതി ജി.എസ്. പാഠക്കാണു പ്രതിമ അനാവരണം ചെയ്തത്. അന്നത്തെ നഗരസഭാ ചെയര്മാന് എന്‍.കെ. പൊതുവാള്, വൈസ് ചെയര്മാന് കെ.എം. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
ഒരുകാലത്ത് ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി പ്രതിമ തിരുനക്കര മൈതാനത്തിലേക്കു മാറ്റിസ്ഥാപിക്കാന്‍ നഗരസഭ ആലോചിച്ചെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനം മാറ്റി.
മഹാത്മാ ഗാന്ധിയുടെ സ്മരണകള്‍ ജ്വലിക്കുന്ന ചങ്ങനാശേരിയില്‍ ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ട് കാല് നൂറ്റാണ്ട് പിന്നിട്ടു. 1996ല്‍ ഗാന്ധി ജയന്തി ദിനത്തിലാണ് നഗരസഭാ കാര്യാലയത്തിനു മുന്പില് 10 അടി ഉയരമുള്ള കോണ്‍ക്രീറ്റ് പ്രതിമ സ്ഥാപിച്ചത്. അന്നത്തെ അധ്യക്ഷന്‍ എം.എച്ച്. ഹനീഫയാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രതിമ സ്ഥാപിച്ചത്.
അരമനപ്പടിക്കുസമീപം ജിയോ ഫൈന്‍ ആര്‍ട്സ് നടത്തിയിരുന്ന ആര്‍ട്ടിസ്റ്റ് കെ.കെ. ജോര്‍ജായിരുന്നു ശില്പി. പ്രതിമ നഗരസഭയുടെ മുന്പില് സ്ഥാപിക്കുന്നതിനുള്ള ആഗ്രഹം കൗണ്‍സിലര്‍ അമ്മുക്കുട്ടി തോമസിനെയും അധ്യക്ഷന്‍ എം.എച്ച്. ഹനീഫയെയും ജോര്‍ജ് അറിയിച്ചു. കൗണ്‍സില്‍ അനുമതി നല്കി. ജോര്‍ജ് സൗജന്യമായാണ് പ്രതിമ നല്‍കിയത്. സമര്‍പ്പണ വേളയില്‍ ഒരു പവന്റെ നാണയം ശില്പ്പിക്കു നഗരസഭ സമ്മാനമായി നല്‍കുകയും ചെയ്തു.
സി.എഫ്. തോമസ് എംഎല്‍എ, ഗാന്ധിയന്മാരായ എന്‍. പരമേശ്വരന് പിള്ള, കെ. മാമ്മന്‍, തൃക്കൊടിത്താനം ഗോപിനാഥന് നായര്‍ എന്നിവര്‍ പങ്കെടുത്ത ലളിതമായ ചടങ്ങില്‍ മുല്ലപ്പൂ മാല ചാര്‍ത്തിയായിരുന്നു ഉദ്ഘാടനം. കാലപ്പഴക്കത്താല്‍ പ്രതിമയ്ക്ക് കേടുപാടുകളുണ്ടായി. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് അറ്റകുറ്റപ്പണി നടത്തി. അന്നത്തെ നഗരസഭ അധ്യക്ഷന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗാന്ധിജിയുടെ സ്മരണകള്‍ ഏറെയുള്ള മണ്ണായ വൈക്കത്തെ ഗാന്ധി പ്രതിമകള്‍ക്കു പ്രൗഢി ഏറെയാണ്. വൈക്കം സത്യഗ്രഹത്തില്‍ മാര്‍ഗദര്‍ശിയാകാന്‍ എത്തിയ ഗാന്ധിജിയുടെ സ്മരണയ്ക്കായാണു ഗാന്ധി പ്രതിമകള്‍ നിര്‍മിച്ചത്.
ബോട്ട് ജെട്ടിക്കുസമീപം സംസ്ഥാന പുരാരേഖാ വകുപ്പിനു കീഴില്‍ 45 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഗാന്ധി പ്രതിമ 2015 ഓഗസ്റ്റ് 23ന് ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഇതിനുസമീപം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയവുമുണ്ട്. 1.8 കോടി രൂപ ചെലവിലാണു മ്യൂസിയം നിര്‍മിച്ചത്.
ഗാന്ധിയന്‍ കലാദര്‍പ്പണം രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി ഭവന് ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ 2017ല്‍ അയ്യര്‍കുളങ്ങരയിലെ 12 സെന്റ് പുരയിടത്തില്‍ ഗാന്ധി സ്മൃതി മന്ദിരം പണിതു. ഇവിടെ ഒന്‍പത് അടിയോളം ഉയരത്തില്‍ നിര്‍മിച്ച ഗാന്ധി പ്രതിമ, 2017 ജൂലൈ 30ന് ആര്. രാമചന്ദ്രന് നായര്‍ അനാച്ഛാദനം ചെയ്തു. വൈക്കം അര്‍ബന്‍ ബാങ്കിന് മുന്‍പിലും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
മഹാത്മജിയുടെ പേരിലുള്ള രാജ്യത്തെ ഏക യൂണിവേഴ്സിറ്റിയായ കോട്ടയം എംജി യൂണിവേഴ്സിറ്റിയുടെ പൂമുഖത്തും ഗാന്ധിജിയുടെ പ്രതിമയുണ്ട്. വെങ്കലത്തില്‍ തീര്‍ത്ത അര്‍ധകായ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്.