രാമപുരത്ത് തെരുവുനായ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു
1515182
Monday, February 17, 2025 11:53 PM IST
രാമപുരം: രാമപുരം ടൗണില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാമപുരം സ്വദേശി കുന്നേല്‍ ബിജു(47)വിനാണ് പരിക്കുപറ്റിയത്.
ഇന്നലെ രാവിലെ എസ്ബിഐയുടെ എടിഎമ്മില്‍ കയറി ഇറങ്ങിയപ്പോഴാണ് നാലു നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിച്ചത്. കൂട്ടമായിട്ടുള്ള ആക്രമണമായതിനാല്‍ ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ ബിജുവിന്റെ കാലിനു ഗുരുതരമായി പരിക്കുപറ്റി. നിലത്തു വീണുപോയ ബിജുവിനെ നായ്ക്കള്‍ നിര്‍ത്താതെ ആക്രമിച്ചുകൊണ്ടിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബിജുവിനെ രക്ഷിച്ചത്.
ഉടന്‍തന്നെ ഉഴവൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിലുള്ള മുറിവായതിനാൽ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള തെരുവുനായ ആക്രമണം നിയന്ത്രിക്കാന്‍ അധികൃതർ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നാലു പേര്‍ക്ക് രാമപുരം കോളജ് ജംഗ്ഷനു സമീപത്തുവച്ചു തെരുവുനായയുടെ കടിയേറ്റിരുന്നു. പള്ളിയില്‍ സംസ്കാരച്ചടങ്ങിനെത്തിയവർക്കും കോളജില്‍ എത്തിയവര്‍ക്കുമാണ് പരിക്കേറ്റത്.
കോളജിനു സമീപവും ഗവൺമെന്റ് ആശുപത്രി ജംഗ്ഷനിലും കുഞ്ഞുങ്ങളുമായി കിടക്കുന്ന നായ്ക്കളാണ് ആക്രമണകാരികളാവുന്നതെന്നും ഇവയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.