വെച്ചൂർ ഫെസ്റ്റ് 21 മുതൽ
1515123
Monday, February 17, 2025 6:46 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെച്ചൂർ നിവാസികളുടെ പങ്കാളിത്തത്തോടെ 21 മുതൽ 23 വരെ വെച്ചൂർ ഫെസ്റ്റ് സംഘടിപ്പിക്കും. വെച്ചൂർ പഞ്ചായത്തിലെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷിക മത്സ്യബന്ധന മേഖലകൾ പുനരുദ്ധരിച്ച് ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥയും ജനജീവിതവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണ് വെച്ചൂർ ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.
ഫെസ്റ്റിനോടനുബന്ധിച്ച് ടൂറിസം, കൃഷി, വേമ്പനാട്ട്കായൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും സംഘടിപ്പിക്കും. കൂടാതെ ലൈറ്റ് ഫെസ്റ്റിവൽ, കലാപരിപാടികൾ, സമ്മേളനങ്ങൾ, വെച്ചൂർ പെരുമ, കലാകാരന്മാരുടെ കൂട്ടായ്മ, ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മ എന്നിവ തണ്ണീർമുക്കം ബണ്ട് , വെച്ചൂർ പള്ളി പാരീഷ് ഹാൾ, വെച്ചൂർ പള്ളിയുടെ പടിഞ്ഞാറുഭാഗം തുടങ്ങിയ മൂന്നു വേദികളിലായാണ് സംഘടിപ്പിക്കുന്നത്.
തണ്ണീർമുക്കം ബണ്ടിൽ വെച്ചൂർ ഫെസ്റ്റിന്റെ ഉദ്ഘാടനം സി.കെ.ആശ എം എൽഎ നിർവഹിക്കും. ഫ്രാൻസിസ് ജോർജ് എംപി, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. മനോജ്കുമാർ, വീണാ അജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സോജി ജോർജ്, പി.കെ. മണിലാൽ, എസ്. ബീന, വെച്ചൂർ പള്ളി വികാരി ഫാ. പോൾ ആത്തപ്പള്ളി, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ. ഗണേശൻ, വി.ടി. സണ്ണി, വക്കച്ചൻ മണ്ണത്താലി തുടങ്ങിയവർ സംബന്ധിക്കും.
വെച്ചൂർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു
വെച്ചൂർ: വെച്ചൂർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടത്തി. വെച്ചൂർ ദേവീവിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാറിന് കൈമാറി പ്രകാശനം ചെയ്തു.
യോഗത്തോടനുബന്ധിച്ചു പ്ലാവിൻ തൈകളുടെ വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സോജി ജോർജ്, പി.കെ. മണിലാൽ, എസ്. ബീന എന്നിവർ സംബന്ധിച്ചു.