മഞ്ഞപ്പിത്തബാധ: ജില്ലയിലും ജാഗ്രത
1514815
Sunday, February 16, 2025 11:53 PM IST
കോട്ടയം: സമീപ ജില്ലകളിലുള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും ജാഗ്രത. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് മഞ്ഞപ്പിത്തം. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവുംവഴി പകരുന്നവയാണ്. ബി, സി, ഡി എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയും.
മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ എ, ഇ വിഭാഗങ്ങള്‍ക്ക് 15 ദിവസം മുതല്‍ 60 ദിവസം വരെയും ബി, സി, ഡി വിഭാഗങ്ങള്‍ക്ക് 15 ദിവസം മുതല്‍ 6 മാസം വരെയും സമയമെടുക്കാം.
നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. കുഞ്ഞുങ്ങളില്‍ ഇതു ഗുരുതരമാവാറില്ലെങ്കിലും പ്രായപൂര്‍ത്തിയായവരില്‍ പലപ്പോഴും ഗൗരവമാകാറുണ്ട്. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.