വാഴൂരിൽ "സ്ഥലനാമ വൃക്ഷങ്ങൾ നടീൽ’ പദ്ധതിക്കു തുടക്കം
1514810
Sunday, February 16, 2025 11:53 PM IST
വാഴൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ "സ്ഥലനാമ വൃക്ഷങ്ങൾ നടീൽ’ എന്ന വേറിട്ട പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ഒരു തദ്ദേശ ഭരണ സ്ഥാപനം സ്ഥലനാമ വൃക്ഷങ്ങൾ നടീലും അവയുടെ സംരക്ഷണവും എന്ന പദ്ധതി ഏറ്റെടുക്കുന്നത് ആദ്യമായാണെന്ന് അധികൃതർ പറഞ്ഞു.
വാഴൂർ ബ്ലോക്ക് പരിധിയിൽ പല സ്ഥലനാമങ്ങളും വൃക്ഷങ്ങളുടെ നാമം കൂട്ടിയാണ് അറിയപ്പെടുന്നത്. അവയിൽ ചിലതാണ് മൂലേപ്ലാവ്, പുളിക്കൽ കവല, തേക്കുംമൂട്, പ്ലാവോലിക്കവല, പുളിമൂട്, ഈട്ടിക്കാമല, പ്ലാക്കൽപ്പടി, പാലയ്ക്കൽ തുടങ്ങിയവ. ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ അത്തരത്തിലുള്ള വൃക്ഷങ്ങൾ നടുകയും സംരക്ഷണവും ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു.
മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയോരത്ത് മണിമലയ്ക്ക് സമീപം മൂലേപ്ലാവ് ജംഗ്ഷനിൽ നാടൻ പ്ലാവ് നട്ട് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പ്ലാവിന് എസ്സിടിഎം യുപി സ്കൂൾ കുട്ടികൾ സംരക്ഷണവും പരിപാലനവും നൽകും.