പത്രവിതരണത്തിലൂടെ വൈകല്യങ്ങളെ അതിജീവിച്ച റ്റിബു ഇനിയില്ല
1514808
Sunday, February 16, 2025 11:53 PM IST
ഇളങ്ങുളം: ശാരീരിക വൈകല്യങ്ങളെ പത്രവിതരണത്തിലൂടെ മറികടന്ന് ജീവിതത്തിൽ പുതിയ അർത്ഥം കണ്ടെത്തിയ റ്റിബു ഇനിയില്ല. തച്ചപ്പുഴ കിഴക്കയിൽ തോമസിന്റെ മകൻ റ്റിബു(44) ഹൃദയാഘാതത്തെ തുടർന്നാണ് ശനിയാഴ്ച അന്തരിച്ചത്. സംസ്കാരം ഇന്നു നടത്തും.
വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന റ്റിബുവിനെ പ്രദേശത്തെ പത്ര ഏജന്റായ എം.ജി. സുനിൽ തന്നോടൊപ്പം പത്രവിതരണത്തിന് ഏതാനും വർഷം മുൻപ് കൂട്ടുകയായിരുന്നു. ദിവസവും ഏതാനും കിലോമീറ്റർ പതിവായി നടക്കുകയും ആൾക്കാരുമായി അടുത്തിടപഴകുകയും ചെയ്തതോടെ വൈകല്യങ്ങളെ അതിജീവിച്ച് തുടങ്ങിയതാണ് റ്റിബു.
പിന്നീട് പത്രവിതരണത്തിന് ശേഷം എംജി യൂണിവേഴ്സിറ്റി കാമ്പസിൽ സ്വയംതൊഴിൽ യൂണിറ്റിലും ജോലി ചെയ്തു തുടങ്ങി. അടുത്തിടെ വീണ്ടും ശാരീരിക അവശതകൾ ഏറി വിശ്രമത്തിലായിരുന്നു. വീണ്ടും പത്രവിതരണത്തിൽ സജീവമാകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.