കൂവപ്പള്ളി-പഴയകൊരട്ടി റോഡ് തുറക്കണമെന്ന്
1514806
Sunday, February 16, 2025 11:53 PM IST
കൂവപ്പള്ളി: നിരവധി ഉൾനാടൻ പ്രദേശങ്ങളുടെ വികസനത്തിന് സഹായകമാകുന്ന കൂവപ്പള്ളി-തുരുത്തിപ്പടവ്-പഴയകൊരട്ടി റോഡിന്റെയും കൂവപ്പള്ളി-ആലംപരപ്പ്-അമ്പലവളവ് റോഡിന്റെയും നിർമാണം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ്-എം കൂവപ്പള്ളി വാർഡ് കൺവൻഷൻ ആവശ്യപ്പെട്ടു. ടാറിംഗ് പൂർത്തിയായ കൂവപ്പള്ളി-ഇടക്കുന്നം റോഡിൽ കൂവപ്പള്ളി ടൗൺ ഭാഗത്ത് ഓടകളും സ്ലാബുകളും നിർമിക്കണമെന്നും എരുമേലി-വേളാങ്കണ്ണി റൂട്ടിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യോഗം എംഎൽഎയ്ക്ക് നിവേദനം നൽകി.
കൂവപ്പള്ളി-ഇടക്കുന്നം റോഡ് ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കുന്നതിനും സെന്റ് ജോസഫ്സ് യുപി സ്കൂളിന് പാചകപ്പുര നിർമിക്കുന്നതിനും മിൽക്ക് സൊസൈറ്റിക്ക് കംപ്യൂട്ടർ അനുവദിക്കുന്നതിനും തെങ്ങിന്‍തോട്ടം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും കൂവപ്പള്ളി വില്ലേജ് ഓഫീസ് നിർമാണം പൂർത്തിയാക്കുന്നതിനും നേതൃത്വം നൽകിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയെ യോഗം അഭിനന്ദിച്ചു. മുതിർന്ന പ്രവർത്തകരായ ഏബ്രഹാം ജേക്കബ്, എം.ഡി. ബേബി, ജോസ് ഇളയച്ചാനിക്കൽ, തങ്കച്ചൻ അറയ്ക്കൽ എന്നിവരെ ആദരിച്ചു. യൂത്ത് ഫ്രണ്ട്-എം വാർഡ് പ്രസിഡന്റായി സി.ജി. അരുൺകുമാറിനെ തെരഞ്ഞെടുത്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി കറ്റേട്ട് അധ്യക്ഷത വഹിച്ചു. സാജൻ കുന്നത്ത്, തോമസ് കട്ടക്കൽ, ബാബു ടി. ജോൺ, സിബി ശൗര്യാംകുഴി, ജോബിൻ കെ. തോമസ്, ബിനോയ് അമ്പാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.