പാതിവില തട്ടിപ്പ്: എരുമേലിയിൽ 30 പരാതികൾ
1513816
Thursday, February 13, 2025 11:51 PM IST
എരുമേലി: സംസ്ഥാന വ്യാപകമായി നടന്ന പാതിവില തട്ടിപ്പ് സംഭവത്തിൽ എരുമേലി പോലീസ് സ്റ്റേഷനിൽ ലഭിച്ചത് 30 പരാതികൾ. മുഖ്യ പ്രതി തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചൂരക്കുളങ്ങര അനന്ദു കൃഷ്ണൻ (26) അറസ്റ്റിലായപ്പോഴും ഈരാറ്റുപേട്ട, പൊൻകുന്നം ഉൾപ്പെടെ ജില്ലയിൽ മിക്കയിടത്തും പരാതികൾ പോലീസിൽ എത്തിയിട്ടും തട്ടിപ്പിനിരയായ എരുമേലി സ്വദേശികൾ പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പരാതി നൽകിയിരുന്നില്ല. പ്രതിയുടെ അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചതിനാൽ പണം ആർക്കും നൽകാൻ കഴിയില്ലെന്ന് ഇടനിലക്കാർ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് എരുമേലി പോലീസ് സ്റ്റേഷനിൽ പരാതികൾ ലഭിച്ചു തുടങ്ങിയത്.
കഴിഞ്ഞ ദിവസം 26 പരാതിയും ഇന്നലെ നാലും ഉൾപ്പെടെ ഇതുവരെ 30 പരാതികളാണ് ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തുമെന്നാണ് പോലീസ് കരുതുന്നത്. എരുമേലി മേഖലയിൽ 120 പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്കൂട്ടർ കിട്ടാൻ പണം നൽകിയെന്ന പരാതിയാണ് എല്ലാവരും നൽകിയത്. പണം അടച്ചതിന്റെ തെളിവുകൾ പരാതികൾക്കൊപ്പമുണ്ട്.
പരാതി നൽകിയവരെ മൊഴി രേഖപ്പെടുത്തുന്നതിന് സ്റ്റേഷനിലേക്ക് പോലീസ് വിളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വനിതകൾക്ക് പകുതി വിലയ്ക്ക് പുതിയ സ്കൂട്ടർ നൽകുമെന്ന വാഗ്ദാനത്തിലാണ് പണം മുൻകൂർ നൽകിയതെന്നും ഇത് സംബന്ധിച്ച് 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ ഉണ്ടെന്നും പണം അടച്ച ശേഷം നൂറു പ്രവൃത്തി ദിനങ്ങൾ പൂർത്തിയായി കഴിയുമ്പോളാണ് സ്കൂട്ടർ നൽകുകയെന്നും ഉറപ്പ് നൽകിയിരുന്നുവെന്നും പരാതിക്കാർ പറഞ്ഞു.
എരുമേലി മേഖലയിൽ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഭാഗമായി സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് പണം വാങ്ങിയിരുന്നത്.
സ്കൂൾ ബാഗ്, ലാപ്ടോപ്, തയ്യൽ മെഷീൻ, ഹോം അപ്ലൈന്‍സസ്, വാട്ടര്‍ ടാങ്ക്, ഫെര്‍ട്ടിലൈസേഴ്സ് എന്നിവ പകുതി വിലയ്ക്ക് ലഭിച്ചവരും സ്കൂട്ടർ കിട്ടാൻ പണം നൽകിയവരിലുണ്ട്. 60,000 രൂപയാണ് സ്കൂട്ടർ കിട്ടാൻ പകുതി തുകയായി അടച്ചത്. ഇതിന് പുറമേ ഓരോരുത്തരിൽ നിന്നും 300 രൂപ രജിസ്ട്രേഷൻ ഇനത്തിലും 500 രൂപ നോട്ടറി അറ്റസ്റ്റേഷൻ ഫീസ് ഇനത്തിലും വാങ്ങിയിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. സംസ്ഥാനത്തെ മൊത്തം പരാതികളും ഒരുമിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്ന ഘട്ടത്തിൽ കേസ് ഫയൽ കൈമാറണമെന്നാണ് നിർദേശം.