രാജസ്ഥാന് മോഡല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം
1513804
Thursday, February 13, 2025 8:12 AM IST
മണര്‍കാട്: പഞ്ചായത്തിലെ 13-ാം വാര്‍ഡായ എരുമപ്പെട്ടി ജംഗ്ഷനില്‍ രാജസ്ഥാന് മോഡലില്‍ അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നു. നാളുകള്‍ക്കു മുമ്പു ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം രാജസ്ഥാനിലേക്ക് പഠനയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മാതൃകയില്‍ എരുമപ്പെട്ടിയില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടർന്ന് മണര്‍കാട് പഞ്ചായത്ത് അസിസ്റ്റന്റ് എന്ജിയര് എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കി. തുടര്‍ന്നു ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. ദേശീയപാത അഥോറിട്ടിയുടെ എന്‍ഒസി ലഭിക്കുന്നതിനായി കത്ത് നല്‍കിയിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.
ബസ് കാത്തിരിപ്പു കേന്ദ്രത്തിനായി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി എം. ഫിലിപ്പോസ് അറിയിച്ചു. വാര്‍ഡംഗം രജിത അനീഷ്, അക്ഷര റെസിഡന്റ്സ് അസോസിയേഷന്, കോണ്‍ഗ്രസ് ബുത്ത് പ്രസിഡന്റ് ഡയസ് മാത്യു തുടങ്ങിയവര്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്. മാര്‍ച്ച് 31നു മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.