മാതൃകാ പച്ചക്കറിത്തോട്ടമൊരുക്കാൻ പദ്ധതിയുമായി നഗരസഭാ കൃഷിഭവൻ
1513794
Thursday, February 13, 2025 7:58 AM IST
വൈക്കം: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ ശാസ്ത്രീയമായി കൃഷി ചെയ്ത് മാതൃകാ തോട്ടമൊരുക്കാൻ വൈക്കം നഗരസഭ കൃഷിഭവൻ. വൈക്കം കായലോരത്തെ പിഡബ്ല്യുഡി അതിഥി മന്ദിര അങ്കണത്തിലാണ് ജൈവ പച്ചക്കറിത്തോട്ടമൊരുക്കുന്നത്. അര ഏക്കർ സ്ഥലത്താണ് കൃഷിത്തോട്ടമൊരുക്കുന്നത്.
മണ്ണിലും ചട്ടികളിലുമായാണ് പച്ചക്കറി തൈകൾ നടുന്നത്. ഇതിനായി മണ്ണിൽ അലിയുന്ന പ്ലാസ്റ്റിക്കും ചട്ടികളുമാണ് ഉപയോഗിക്കുന്നത്. വെണ്ട, തക്കാളി, മുളക്, വഴുതന, ചീര തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ധാരാളമാളുകൾ എത്തുന്ന നഗരമധ്യത്തിലെ സ്ഥാപനത്തിൽ തളിർത്ത് പൂവിട്ടു കായ്ക്കുന്ന പച്ചക്കറികൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് കുടുംബങ്ങൾ വീടുകളിൽ വിഷരഹിതമായി പച്ചക്കറി ഉത്പാദിപ്പിക്കണമെന്നാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
മാതൃകാ തോട്ടത്തിൽ വിളയുന്ന പച്ചക്കറികൾ കൃഷി വകുപ്പ് അധികൃതർ വിൽപ്പന നടത്താതെ നഗരപരിധിയിലെ സ്കൂളുകൾക്കും നിരാലംബർ താമസിക്കുന്ന സദനങ്ങൾക്കും ഭക്ഷണം തയാറാക്കാൻ സൗജന്യമായി നൽകും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പച്ചക്കറിതൈ നട്ട് സി.കെ. ആശ എംഎൽഎ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിക്കും. ജില്ലാ കൃഷി ഓഫീസർ സി. ജോജോസഫ് പദ്ധതി വിശദീകരണം നടത്തും. കൃഷി വകുപ്പ് കോട്ടയം നോഡൽ ഡിഡി പി.പി. ശോഭ, വെജിറ്റബിൾ ഡവലപ്മെന്റ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭാ കൗൺസിലർമാർ, വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ, നഗരസഭാ കൃഷിഭവൻ ഓഫീസർ ഷീലറാണി, ബ്ലോക്ക് കോ-ഓർഡിനേറ്റർ നിമിഷകുര്യൻ, നഗരസഭാ കൃഷിഭവൻ അസിസ്റ്റന്റുമാരായ മെയ്സൺ മുരളി, വി.വി. സിജി, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ സംബന്ധിക്കും.