മൂവാറ്റുപുഴയാർ മലിനീകരണം: സിപിഎം മാർച്ചും ധർണയും 17ന്
1513789
Thursday, February 13, 2025 7:58 AM IST
വൈക്കം: മൂവാറ്റുപുഴയാറിലേക്ക് മലിനജലം പുറന്തള്ളുന്ന വെള്ളൂർ കെപിപിഎൽ കമ്പനി അധികൃതരുടെ നടപടിക്കെതിരേ സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ 17ന് കെപിപിഎല്ലിലേക്ക് ബഹുജനപങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്തും.
കമ്പനിക്ക് മുന്നിൽ നടക്കുന്ന ധർണാ സമരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. മലിനീകരണം വൈക്കത്തെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളെയും മൂവാറ്റുപുഴയാറിലെ വിവിധ കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കുകയാണെന്ന് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മാലിന്യം നിക്ഷേപിക്കുന്നിടത്ത് ആഴംകൂട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയുകയും ശുദ്ധീകരണ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുന്നതെന്ന് സമരസമിതി ചെയർമാൻ കെ. ശെൽവരാജ്, കൺവീനർ ഡോ. സി.എം. കുസുമൻ, വൈസ് ചെയർമാൻ വി.ടി. പ്രതാപൻ, ജോയിന്റ് കൺവീനർമാരായ പി.വി. ഹരിക്കുട്ടൻ, കെ.കെ. രമേശൻ, കെ.എസ്. വേണുഗോപാൽ എന്നിവർ പറഞ്ഞു.