എസി റോഡ് നവീകരണം അവസാന ഘട്ടത്തില്‍
1513545
Thursday, February 13, 2025 12:02 AM IST
കോട്ടയം: പ്രളയക്കെടുതി നേരിടാന്‍ ഉയര്‍ത്തി നവീകരിക്കുന്ന ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാന പാത നിര്‍മാണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പള്ളാത്തുരുത്തി പാലത്തി ന്റെ പണിയൊഴികെ ബാക്കി അന്തിമഘട്ടത്തിലാണെന്ന് കെഎസ്ടിപി അറിയിച്ചു.
റോഡ് 2023ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും പള്ളാത്തുരുത്തിയില്‍ പുതിയ പാലം വേണ്ടിവരികയും അതിന് ഫണ്ട് കൂടുതല്‍ അനുവദിക്കേണ്ടിയും വന്നതിനാല്‍ പണികള്‍ വൈകി.
റീ ബില്‍ഡ് കേരള പദ്ധതിയില്‍ 671.66 കോടി രൂപ ചെലവിലാണ് 24.14 കിലോമീറ്റര്‍ പാത വിപുലീകരിക്കുന്നത്. വലിയ നാലു പാലങ്ങളും ചെറിയ 14 പാലങ്ങളും അഞ്ച് സെമി എലിവേറ്റഡ് ഫ്ലൈഓവറുകളും മൂന്ന് കോസ്വേകളും 64 കലുങ്കുകളും പദ്ധതിയില്‍പ്പെടുന്നു.
കിടങ്ങറ, നെടുമുടി, മുട്ടാര്‍ പാലങ്ങളുടെ പണി പൂര്‍ത്തിയായി. ശേഷിക്കുന്നവ അവസാനഘട്ടത്തിലാണ്.
പണ്ടാരക്കളം, നസ്രത്ത് ജംഗ്ഷന്, ജ്യോതി ജംഗ്ഷന്, മങ്കൊമ്പ്, ഒന്നാംകര ഫ്ലൈഓവറുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
ചെറിയ പാലങ്ങളും കലുങ്കുകളും പണിതീര്‍ത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തു. ബിറ്റുമിന്‍ ടാറിഗും കോണ്ക്രീറ്റിഗും ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം 90 ശതമാവും പൂര്‍ത്തിയായി. ഇതില്‍ ഏഴു കിലോമീറ്ററിലെ പണികള്‍ പൂര്‍ണമായി നടത്തി. നടപ്പു വഴിപ്പാത ഉള്‍പ്പെടെ 13 മീറ്റര്‍ ഇരട്ടവരിപ്പാതയാണ് നിര്‍മാണത്തിലുള്ളത്.