ലുമിനാരിയായ്ക്ക് നാളെ സമാപനം
1508147
Friday, January 24, 2025 11:37 PM IST
പാലാ: വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ അനേകായിരങ്ങള്‍ക്ക് അറിവിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍ അനുഭവലോകം സമ്മാനിക്കുന്ന പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിലെ ലുമിനാരിയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്രമേള നാളെ സമാപിക്കും.
രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശന സമയം. ദിവസവും രാത്രി എട്ടുവരെ ടിക്കറ്റ് എടുക്കുന്നതിനു സൗകര്യമുണ്ട്. വാഹനങ്ങള്‍ കോളജിന് മുന്നിലുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. വിവിധ സ്റ്റാളുകളുടെ നേതൃത്വത്തില്‍ ഓരോ ദിവസവും നടക്കുന്ന വ്യത്യസ്തമായ ശില്പശാലകളും പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കുന്ന സംവാദങ്ങളും സാംസ്കാരികസന്ധ്യകളും കലാമത്സരങ്ങളും ലുമിനാരിയായെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
ആദ്യദിനങ്ങളില്‍ സന്ദര്‍ശകരിലധികവും വിദ്യാര്‍ഥികളായിരുന്നെങ്കില്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ കുടുംബസമേതമെത്തി പ്രദര്‍ശനശാലകള്‍ സന്ദര്‍ശിച്ചും കലാപരിപാടികള്‍ ആസ്വദിച്ചും ഫുഡ് ഫെസ്റ്റിലെ വിഭവങ്ങളുടെ രുചിയറിഞ്ഞും രാത്രിയോടെ കാമ്പസ് വിട്ടിറങ്ങുന്ന സന്ദര്‍ശകരെയാണ് അധികവും കാണാന്‍ കഴിയുന്നത്.
സന്ദര്‍ശകരായി മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് സ്രാമ്പിക്കലും
പാലാ: ഗൃഹാതുരത്വത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും വിജ്ഞാനത്തിന്റെയും കാഴ്ചകള്‍ വീക്ഷിക്കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് സ്രാമ്പിക്കലും ഇന്നലെ പാലാ സെന്റ് തോമസ് കോളജിലെത്തി. ഇടയ്ക്കല്പം നിന്ന് ഒപ്പമുള്ള അധ്യാപകരോടും വിദ്യാര്‍ഥികളോടും ഓര്‍മകള്‍ പങ്കുവച്ചു. സരസമായി പറയുന്ന ആ വര്‍ത്തമാനങ്ങളില്‍നിന്ന് ഒരു ദേശത്തിന്റെ കാര്ഷികപാരമ്പര്യത്തിന്റെയും കലാബോധത്തിന്റെയും ആത്മീയ സംസ്കൃതിയുടെയും മനുഷ്യര്‍ തമ്മിലുണ്ടായിരുന്ന സാഹോദര്യത്തിന്റെയും മിഴിവുറ്റ ചിത്രങ്ങള്‍ തെളിഞ്ഞുവരുന്നത് കാണാമായിരുന്നു.
ലിംക ബുക്ക് ഓഫ് റിക്കാര്‍ഡിനുടമയായ ബിജി ജോസഫിന്റെ ശേഖരത്തിലുള്ള ഡ്രിഫ്റ്റ് സ്റ്റോണുകളിലും ഭാഷാ സാഹിത്യചരിത്ര വിഭാഗങ്ങളിലെ വ്യത്യസ്തമായ കാഴ്ചകളിലുമാരംഭിച്ച സന്ദര്‍ശനം ലുമിനാരിയായുടെ ഒട്ടുമിക്ക സ്റ്റാളുകളിലുമെത്തി. ഇന്നലെകളെയും ഇന്നിനെയും നാളകളെയും കോര്‍ത്തിണക്കി ത്രികാല സഞ്ചാരത്തിന്റെ അനുഭവമായിരിക്കണം ലുമിനാരിയ പോലുള്ള വൈവിധ്യപൂര്‍ണമായ പ്രദര്‍ശനമേളയില്‍നിന്ന് സ്വന്തമാക്കേണ്ടതെന്ന പാഠം നൽകിയാണ് ബിഷപ്പുമാര്‍ മടങ്ങിയത്.
ഇന്റര്‍ കൊളീജിയറ്റ്
ഡാന്‍സ് മത്സര വിജയികള്‍
ഇന്നലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വേദിയില്‍ നടത്തിയ ഇന്റര്‍ കൊളീജിയറ്റ് ഡാന്‍സ് മത്സരത്തില്‍ കുറവിലങ്ങാട് ദേവമാതാ കോളജ് ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് എൻജിനിയറിംഗ് കോളജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
സ്നേക്ക് റസ്ക്യൂ ശില്പശാല
കേരള വനംവകുപ്പിന്റെ സഹകരണത്തോടെ സെന്റ് തോമസ് കോളജില്‍ ഇന്നലെ രാവിലെ സംഘടിപ്പിച്ച സ്നേക്ക് റസ്ക്യൂ ശില്പശാലയ്ക്ക് സംസ്ഥാന നോഡല്‍ ഓഫീസര്‍ മുഹമ്മദ് അന്‍വര്‍ നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് ഉപഹാരസമര്‍പ്പണം നടത്തി. ജയിംസ് സഖറിയ, ജയചന്ദ്രന് നായര്‍, പ്രിയ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. മാത്യു തോമസ്, ഡോ. ജയേഷ് ആന്റണി, ഡോ. ആന്റോ മാത്യു തുടങ്ങിയവര്‍ ശില്പശാലയ്ക്ക് നേതൃത്വം നൽകി.