വഴികളെല്ലാം ചെറിയപള്ളിയിലേക്ക്, സെബസ്ത്യാനോസിന്റെ മാധ്യസ്ഥ്യം തേടി നാട്
1508144
Friday, January 24, 2025 11:37 PM IST
കുറവിലങ്ങാട്: നാട്ടിൻപുറത്തെ വഴികളെല്ലാം ചെറിയ പള്ളിയിലേക്ക്. വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥ്യം തേടി അനേകായിരങ്ങളാണ് ഓരോ നിമിഷവും പള്ളിയിലേക്ക് എത്തുന്നത്. പത്താംതീയതി തിരുനാളിന്റെ ആദ്യദിനമായ ഇന്ന് പുണ്യാളന്റെ സവിധം ഭക്തസാഗരമായി മാറും.
ദേശത്തിരുനാളുകൾക്ക് സമാപനംകുറിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും ടാക്സി സ്റ്റാൻഡുകളിൽനിന്നും ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം നടന്നു. രാവിലെ മുതൽ സായാഹ്നം വരെ അണമുറിയാത്ത ഭക്തജനപ്രവാഹമായിരുന്നു നാട് കണ്ടത്.
പ്രാർഥാനാ ശുശ്രൂഷകൾക്ക് സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ കാർമികത്വം വഹിച്ചു.
ദാരിദ്ര്യം, അസമാധാനം, പകർച്ചവ്യാധികൾ എന്നിവയിൽനിന്ന് മോചനം തേടിയാണ് അനേകർ വിശുദ്ധന്റെ മാധ്യസ്ഥ്യം തേടിയെത്തുന്നത്. നാനാജാതി മതസ്ഥരായവർ എത്തുന്നതോടെ നാടിന് മതസൗഹാർദത്തിന്റെ സന്ദേശം സമ്മാനിക്കാനും കഴിയുന്നുണ്ട്.