ആമാശയത്തില്‍ ബ്ലേഡ് കുടുങ്ങിയ 21 കാരനു കാരിത്താസിലെ ചികിത്സയിൽ പുനർജന്മം
1508116
Friday, January 24, 2025 11:36 PM IST
കോട്ടയം: അവിചാരിതമായി ബ്ലേഡ് ആമാശയത്തില്‍ കുടുങ്ങിയ 21 കാരനെ അത്യപൂര്‍വ എന്‍ഡോസ്കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.
കലശലായ പുറംവേദനയെ തുടര്‍ന്നാണ് 21 കാരന് കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യവസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്ട്ടയ്ക്കു വളരെ അരികിലിയായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.
ഗുരുതരമായ അവസ്ഥയായതിനാല്‍, സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഡോ. ദീപക്ക് മധുവിന്റെ നേതൃത്വത്തിലുള്ള സംഘം എന്‍ഡോസ്കോപ്പി തെരഞ്ഞെടുത്തു.വളരെ കൃത്യതയോടെ നടന്ന ചികിത്സാപ്രക്രിയയില്‍ വളരെ വേഗംതന്നെ പ്രശ്നത്തിനു പരിഹാരം കാണാനും രോഗിക്ക് ആശ്വാസം പകരാനും കാരിത്താസിലെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന് സാധിച്ചു.
കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒയുമായ റവ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.