ഭിന്നശേഷി മികവുത്സവം "സദ്ഗമയ-25', എയ്ഞ്ചൽസിനൊപ്പം നാട്
1508111
Friday, January 24, 2025 11:36 PM IST
ജോജി പേഴത്തുവയലിൽ
പൊൻകുന്നം: ചെങ്കൽ 19ാം മൈൽ എയ്ഞ്ചൽസ് വില്ലേജിൽ നടക്കുന്ന ഭിന്നശേഷി മികവുത്സവം സദ്ഗമയ-25 എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റിന് തിരക്കേറുന്നു. രാവിലെ മുതൽ വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കുട്ടിയുടെ വളർച്ച വികാസ വ്യതിയാനം കണ്ടെത്തുന്നതുമുതല്‍ നല്‍കേണ്ട പരിചരണങ്ങളും പരിശീലനങ്ങളുമാണ് മേളയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാർ മേഖലയിലും അല്ലാതെയും ഇവര്‍ക്കും മാതാപിതാക്കള്‍ക്കും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മേളയിലുണ്ട്. പരിമിതികളെ അതിജീവിക്കുന്ന ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതാണ് മേള.
ഭിന്നശേഷിയുടെ കാരണങ്ങള്‍, മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പരിചരണ രീതികള്‍ എന്നിവയും മേളയിലുണ്ട്. ഇതോടൊപ്പം എയ്ഞ്ചൽസ് വില്ലേജിലെ കുട്ടികൾ നിർമിച്ച വിവിധതരം ബാഗുകൾ, വസ്ത്രങ്ങൾ, മെഴുകുതിരികൾ, കരകൗശല വസ്തുക്കൾ, പാവകൾ തുടങ്ങിയവയും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. ഭിന്നശേഷിക്കാരുടെ കലാസന്ധ്യകൾ, എബിലിറ്റി കാർണിവൽ, ഫുഡ് ഫെസ്റ്റ്, ഫാം വിസിറ്റ്, വിനോദപരിപാടികള്‍, ഗെയിമുകള്‍ എന്നിവ മേളയുടെ മാറ്റു കൂട്ടുന്നു.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും വിളിച്ചോതുന്ന പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവര്‍ ഇവിടെ ഒത്തുകൂടുകയാണ്. സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു മേള നടക്കുന്നതെന്ന് എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ പറഞ്ഞു.
"സദ്ഗമയ-25' പതിനയ്യായിരത്തിലേറെപ്പേർ സന്ദർശിച്ചു. ഇന്ന് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ളവരുടെ സാമൂഹിക ഉൾച്ചേർക്കൽ: ആഗോളകാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ നടക്കും. സ്വതന്ത്ര തൊഴിൽ ജീവിതം നയിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംസ്ഥാന സംഗമമായ പരിവർത്തനയുടെ ഉദ്ഘാടനം ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തൊഴിൽ മേഖലയിൽ മികവു തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.