പാലാ അല്‍ഫോന്‍സ കോളജില്‍ പൂര്വവിദ്യാര്ഥിനീ സംഗമം ഇന്ന്
1508101
Friday, January 24, 2025 10:25 PM IST
പാലാ: വനിതാ ശക്തീകരണത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പാലാ അല്‍ഫോന്‍സ കോളജിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് പൂര്വവിദ്യാര്ഥിനീ സംഗമം "അല്‍സ്റ്റാജിയ' നടത്തും.
സംഗമത്തിന്റെ ഭാഗമായി ഇന്നു രാവിലെ 9.30ന് ഇന്റര്‍ കൊളീജിയറ്റ് ഡാന്‍സ് മത്സരം നടത്തും. 11.45നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളജ് അലൂമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. ആന്‍സി ജോസഫ് അധ്യക്ഷത വഹിക്കും. മാര്‍ സ്ലീവാ മെഡിസിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. പൗളിന് ബാബു മുഖ്യാതിഥിയായിരിക്കും.
ഈ അധ്യയനവര്‍ഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന പൂര്വവിദ്യാര്ഥിനികളെ ആദരിക്കും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ അധ്യാപിക റെബേക്കാ സൂസന് മാര്‍ഗരറ്റ് രചിച്ച കവിതാ സമാഹാരം പ്രകാശനം ചെയ്യും. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെടും. വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും.
വജ്രജൂബിലി നിറവില്‍ നില്ക്കുന്ന കലാലയം കലാ, കായിക, സാംസ്കാരിക, സാമൂഹികസേവന രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നൽകുന്നുണ്ട്. ജൂബിലിയോടനുബന്ധിച്ച് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 35 സ്നേഹവീടുകള്‍ നിര്‍മിച്ചു നല്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഡിഎസ്ടി ഫിസ്റ്റ്, ഡിബിടി സ്റ്റാര്‍, ഡിഎസ്ടി ക്യൂറി എന്നീ പദ്ധതികളുടെ ഭാഗമായി 2.84 കോടി രൂപ നേടിയെടുക്കാന്‍ കോളജിനു സാധിച്ചതായി പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, അലൂമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. ആന്‍സി ജോസഫ്, ഡോ. സോണിയ സെബാസ്റ്റ്യന്‍, ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.