പാറേല്‍ പള്ളി അമലോത്ഭവ തിരുനാൾ : ഭക്തജനസാഗരം : പ്രദക്ഷിണം പ്രാര്‍ഥനാനിര്‍ഭരം
1485695
Monday, December 9, 2024 7:30 AM IST
ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് വിശ്വാസീ സാഗരം ഒഴുകിയെത്തി. രാവിലെ മുതല്‍ തുടര്‍ച്ചയായി നടന്ന വിശുദ്ധകുര്‍ബാനയിലും മധ്യസ്ഥ പ്രാര്‍ഥനയിലും പങ്ക ടുത്ത് വിശ്വാസികള്‍ ധന്യതനേടി. ജാതിമതഭേദമെന്യേയുള്ള വലിയ ജനാവലിയാണ് പരിശുദ്ധ കന്യകമാതാവിന്റെ തിരുനാളാചരണത്തിന് എത്തിച്ചേര്‍ന്നത്.
ഫാ.തോമസ് കുളത്തുങ്കല്‍, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ഫിലിപ്പോസ് കേഴപ്ലാക്കല്‍, ഫാ. ലിബിന് പുത്തന്‍പുരയ്ക്കല്‍, ഫാ. മാത്യു പുത്തനങ്ങാടി, ഫാ. ജസ്റ്റിന് കായംകുളത്തുശേരി, റവ.ഡോ. ജോസ് തെക്കേപ്പുറം എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി.
വൈകുന്നേരം ആറിന് കുരിശുംമൂട് കവലയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ ഭക്തജനാവലി ജപമാലകള്‍ ചൊല്ലി പ്രാര്‍ഥനാ നിരതമായാണ് പങ്കുചേര്‍ന്നത്. മാതാവിന്റെ തിരുസ്വരൂപത്തില്‍ ഭക്തജനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയതും ശ്രദ്ധേയമായി.
പാറേല്‍പള്ളി മുതല്‍ കുരിശുംമൂട് കവലവരെ റോഡിന്റെ വശങ്ങള് ദീപാലംകൃതമാക്കിയാണ് സമീപവാസികള്‍ പ്രദക്ഷിണത്തെ വരവേറ്റത്.
15നാണ് കൊടിയിറക്കു തിരുനാള്‍ ആഘോഷം. ഇന്നുമുതല്‍ 14 വരെ തീയതികളില്‍ രാവിലെ 5.45നും ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും. 15ന് വൈകുന്നേരം റെയില്‍വേ സ്റ്റേഷനടുത്തുള്ള മന്ദിരം ജംഗ്ഷനിലേക്കു പ്രദക്ഷിണം നടക്കും.