ഉപഭോക്തൃ തര്‍ക്കപരിഹാരം വേഗത്തിലാക്കും: മന്ത്രി ജി.ആര്. അനില്‍
1485676
Monday, December 9, 2024 7:15 AM IST
കോട്ടയം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മീഡിയേഷന് സെന്ററുകള്‍ പൂര്‍ത്തിയായതോടെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനുകള്‍ക്കു മുന്നിലുള്ള പരാതികളില്‍ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാനാകുമെന്ന് മന്ത്രി ജി.ആര്. അനില്‍.
വടവാതൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരകേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മീഡിയേഷന് സെന്റര്‍ ഉദ്ഘാടനവും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുമായി സഹകരിച്ചു നടത്തുന്ന ഗ്രാഹക് മധ്യസ്ഥ സമാധാന് ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.25,829 കേസുകളാണ് സംസ്ഥാന, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകള്‍ക്കു മുന്നില്‍ നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അംഗം കെ.ആര്. രാധാകൃഷ്ണന്, ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി ജി. പ്രവീണ്‍ കുമാര്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. മനുലാല്‍, അംഗങ്ങളായ ആര്. ബിന്ദു,
കെ.എം. ആന്റോ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ, അഭിഭാഷകരായ ഡൊമിനിക് മുണ്ടമറ്റം, വി.ബി. ബിനു, ജിതേഷ് ജെ. ബാബു, എസ്.എം. സേതുരാജ്, പി.ഐ. മാണി എന്നിവര്‍ പ്രസംഗിച്ചു.