നാടിന് പുണ്യമായി പട്ടണപ്രദക്ഷിണം
1485570
Monday, December 9, 2024 5:45 AM IST
പാലാ: സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാതൃഭക്തിയുടെയും പ്രതീകമായി നിലകൊള്ളുന്ന അമലോത്ഭവ കപ്പേളയിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി. മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് നടന്ന പട്ടണപ്രദക്ഷിണം നാടിന് പുണ്യമായി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും പൊന്കുരിശുകളുടെയും അകമ്പടിയോടെയാണ് പ്രദക്ഷിണം നടന്നത്.
ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ടിബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡ്, ളാലം പഴയപാലം ജംഗ്ഷന് എന്നിവിടങ്ങളിലൂടെ എത്തി പ്രധാന വീഥിയിലൂടെ കുരിശുപള്ളിയിലെത്തി.
പരിശുദ്ധ അമ്മയുടെ മുന്നില്‍ കൂപ്പുകരങ്ങളുമായി പതിനായിരങ്ങളാണ് തിരുനാള്‍ ദിവസങ്ങളില്‍ എത്തിയത്. തിരുസ്വരൂപം പട്ടണപ്രദക്ഷിണത്തിനുശേഷം തിരികെ കപ്പേളയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് മരിയ ഭക്തര്‍ പുഷ്പവൃഷ്ടിയോടെ തിരുസ്വരൂപത്തെ സ്വീകരിച്ചു.
നാടകമേള മത്സരവിജയികള്‍
പാലാ: ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് സിവൈഎംഎല്‍ സംഘടിപ്പിച്ച നാടക മേളയില്‍ മികച്ച നാടകമായി ചിറയിന്‍കീഴ് അനുഗ്രഹയുടെ "ചിത്തര' നാടകം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സമ്മാനത്തിന് ഓച്ചിറ സരിഗയുടെ "സത്യമംഗലം ജംഗ്ഷന്' അര്‍ഹരായി.
മികച്ച ജനപ്രയ നാടകമായി ആലപ്പുഴ സൂര്യകാന്തിയുടെ "കല്യാണം' നാടകം തെരഞ്ഞെടുക്കപ്പെട്ടു. പാലാ കമ്യൂണിക്കേഷന്റെ "ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന നാടകത്തിലെ ഖാലിദ് കെടാമംഗലത്തിനാണ് മികച്ച നടനുള്ള അവാര്‍ഡ്. മികച്ച നടിയായി ഒച്ചിറ സരിഗയുടെ സിന്ധു വിജയന് അര്‍ഹയായി.
ജൂറി അവാര്‍ഡിന് വിനോദിനി അര്‍ഹയായി. മികച്ച സംവിധാനം സുരേഷ് ദിവാകരന് (നാടകം ചിത്തിര, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍). മികച്ച രചനയ്ക്ക് ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ മുഹാദ് വെമ്പായം അര്‍ഹനായി. പ്രേംകുമാര്‍ വടകര (സംഗീതം), ആലപ്പി പൊന്നപ്പന് (ഹാസ്യ നടന്) എന്നിവരും അര്‍ഹരായി.
ടൂവീലര്‍ ഫാന്‍സിഡ്രസ്
പാലാ: സിവൈഎംഎല്‍ നടത്തിയ ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരത്തില്‍ ടോം ബിജു ഉപ്പൂട്ടില്‍ (ഡാകിനി ആൻഡ് മായാവി) അര്‍ഹനായി. രണ്ടാം സ്ഥാനത്തിന് പിശാചിന്റെ പരീക്ഷണം അവതരിപ്പിച്ച ഗ്രാവിറ്റി ഡെവലപ്പേഴ്സ് അര്‍ഹരായി. മൂന്നാം സ്ഥാനത്തിന് രാഹുല്‍ ആൻഡ് പ്രണവ് അവതരിപ്പിച്ച കായേലും ആബേലും അര്‍ഹരായി.
ബൈബിള്‍ ടാബ്ലോ മത്സരം
പാലാ: ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിച്ച ബൈബിള്‍ ടാബ്ലോ മത്സരത്തില്‍ പാലാ കത്തീഡ്രലിലെ പിതൃവേദി അവതരിപ്പിച്ച മോശ സീനായി മലയില്‍ നിന്നും പത്തു കല്‍പ്പനകളുമായി ഇറങ്ങിവരുന്ന പ്ലോട്ട് അര്‍ഹമായി. ഈ തീം തന്നെ അവതരിപ്പിച്ച ബാബു വെളുത്തേടത്തുപറമ്പില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായി.
മാതാ സന്തോഷ് ആൻഡ് ഓട്ടോ സെവന്‍സ് അവതരിപ്പിച്ച പീലാത്തോസ് ഈശോയെ മരണത്തിന് വിധിക്കുന്ന പ്ലോട്ടിനാണ് മൂന്നാം സ്ഥാനം.