നിയമസഭാ പുസ്തകോത്സവം: മേഖലാതല മെഗാക്വിസ് മത്സരം നടത്തി
1485568
Monday, December 9, 2024 5:45 AM IST
കാഞ്ഞിരപ്പള്ളി: ജനുവരി ഏഴു മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കോട്ടയം മേഖല പ്രാഥമികതല ക്വിസ് മത്സരം കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടത്തി.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. നിയമസഭ ഡപ്യൂട്ടി സെക്രട്ടറി ജോമി കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആന്റണി മാർട്ടിൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ സ്കൂൾ തലത്തിൽ 22 ടീമുകളും കോളജ് തലത്തിൽ 14 ടീമുകളും മാറ്റുരച്ചു. നിയമസഭാ സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫീസർ എസ്. ശ്രീവിദ്യ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ് എം.വൈ. കല്ല്യാണിക്കുട്ടി എന്നിവർ സ്കൂൾ വിഭാഗത്തിന്റെയും അണ്ടർസെക്രട്ടറി സി. സുരേശൻ കോളജ് വിഭാഗത്തിന്റെയും ക്വിസ് മത്സരങ്ങൾ നയിച്ചു.
ഓരോ വിഭാഗത്തിൽ നിന്നും മൂന്നു വീതം ടീമുകൾ നിയമസഭ മന്ദിരത്തിൽ സംഘടിപ്പിക്കുന്ന സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടി.