ഏറ്റുമാനൂരിലെ വെള്ളക്കെട്ട്: വൻ ജനകീയ പ്രതിഷേധം
1485418
Sunday, December 8, 2024 7:02 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത നഗരസഭ, പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരേ വൻ പ്രതിഷേധമുയർന്നു. ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ നഗരത്തിലെ വ്യാപാരികളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പേരൂർ കവലയിൽനിന്ന് പ്രകടനമായെത്തിയാണ് വ്യാപാരികൾ ധർണയിൽ പങ്കെടുത്തത്.
റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള ധർണ ഉദ്ഘാടനം ചെയ്തു. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. ടൗണിലെ ഓടകളുടെ നിർമാണവും അറ്റകുറ്റപ്പണികളും അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കണമെന്ന് ജനകീയ വികസന സമിതി, വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. ബിനു ബോസ്, ടോമി നരിക്കുഴി, അഭിലാഷ് കുര്യൻ, അഡ്വ. സിബി വെട്ടൂർ, ജോയി തോമസ്, പി.ബി. രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയംഗം സിറിൽ ജി. നരിക്കുഴി, വി.ജെ. സെബാസ്റ്റ്യൻ വേകത്താനം, ബി.ജെ. ഫിലിപ്പ്കുട്ടി, വികസന സമിതി വൈസ് പ്രസിഡന്റ് രാജു ഇമ്മാനുവൽ, വനിതാ വേദി കൺവീനർ രാജീസ് വർഗീസ് പ്രസംഗിച്ചു.
ഓടകൾ വൃത്തിയാക്കിയില്ലെങ്കിൽ നഗരസഭാ കാര്യാലയം ഉപരോധിക്കും
ഓടകൾ വൃത്തിയാക്കേണ്ടത് നഗരസഭയാണെന്ന് വികസന സമിതി പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു.
ഡിസംബർ 31നു മുമ്പ് മുഴുവൻ ഓടകളും മാലിന്യമുക്തമാക്കാൻ നഗരസഭാധികൃതർ തയ്യാറാകുന്നില്ലെങ്കിൽ ജനുവരി ഒന്നിന് ജനപങ്കാളിത്തത്തോടെ നഗരസഭാ കാര്യാലയം ഉപരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് മുനിസിപ്പൽ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.