പാലായിലെ മോഷണശ്രമങ്ങള്‍ : കുറുവ സംഘമല്ലെന്ന് ആവർത്തിച്ച് പോലീസ്; ഭീതിയിൽ നാട്
1485320
Sunday, December 8, 2024 5:23 AM IST
കോട്ടയം: കുറുവ സംഘത്തില്‍പ്പെട്ടവര്‍ മോഷണത്തിനെത്തിയതായുള്ള പ്രചാരണത്തില്‍ പാലായിലും സമീപപ്രദേശങ്ങളും അതീവ ജാഗ്രത. കഴിഞ്ഞദിവസം ഇടമറ്റം, പൈക, വിളക്കുമാടം പ്രദേശങ്ങളിൽ കുറുവ സംഘത്തില്‍പ്പെട്ടവരാണെന്ന് സംശയിക്കുന്ന സംഘം മോഷണത്തിനെത്തിയതായി പാലാ പോലീസില്‍ പരാതി ലഭിച്ചിരുന്നു.
മോഷണശ്രമം നടത്തിയവര്‍ കുറുവ സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ പ്രദേശങ്ങളില്‍ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ മഫ്തി പോലീസിന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിലും പകല്‍ സമയങ്ങളിലും എന്തെങ്കിലും അസാധാരണ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ പ്രദേശത്തുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോഷണ ശ്രമത്തിനു പിന്നില്‍ കുറുവാ സംഘമാണെന്നും എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നുള്ള സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.
ആലപ്പുഴ പോലീസ് പിടികൂടിയ കുറുവാസംഘാംഗം സന്തോഷ് ശെല്വന് മുന്‍പ് മോഷണം നടത്തിയ പ്രദേശമാണ് ഇവിടം. ഇയാള്‍ക്കൊപ്പം പത്തിലധികം പേരടങ്ങുന്ന സംഘമാണ് കേരളത്തില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സന്തോഷ് സെല്‍വത്തിനെ ഒഴികെ മറ്റാരെയും പോലീസ് പിടികൂടിയിട്ടുമില്ല.
ഇയാള്‍ക്കൊപ്പം ആലപ്പുഴ പോലീസ് കുണ്ടന്നൂരില്‍നിന്നു പിടികൂടിയ സഹായിയെ പിന്നീട് മോഷണ സംഘത്തില്‍പ്പെട്ടയാള്‍ അല്ലെന്നു കണ്ടെത്തി വിട്ടയ്ക്കുകയും ചെയ്തു. കുറുവാ സംഘത്തില്‍പ്പെട്ട കേരളത്തില്‍ എത്തിയ മറ്റുള്ളവരെക്കുറിച്ചു പോലീസിനു യാതൊരു വിവരവുമില്ല. സന്തോഷ് സെല്‍വത്തെ നിരവധിത്തവണ ചോദ്യം ചെയ്തിട്ടും ഇക്കാര്യത്തെക്കുറിച്ചു വിവരം ലഭിച്ചിട്ടുമില്ല.
ആശങ്ക ഒഴിയുന്നില്ല
കുറുവ സംഘത്തിന്റെ സാന്നിധ്യം നാട്ടിലില്ലെന്നു പോലീസ് ആവര്‍ത്തിച്ചു പറയുമ്പോഴും പൈക, ഇടമറ്റം ഭാഗങ്ങളിൽ ഉണ്ടായതു പോലെയുള്ള മോഷണശ്രമം ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ്.
പാലാ ജൂബിലിത്തിരുനാള്‍ കൂടിയായതിനാല്‍ മോഷണം ലക്ഷ്യമിട്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് പാലായിലും പരിസരപ്രദേശത്തും പോലീസിന്റെ നിരീക്ഷണവും രാത്രികാല പരിശോധനകളും കര്‍ശനമാണ്.
കഴിഞ്ഞ ദിവസം ഇടമറ്റത്തിനു സമീപം തനിച്ചു താമസിക്കുന്ന വൃദ്ധയുടെ വീടിനു സമീപം പൂച്ച കരയുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ ആരോ മുറ്റത്തു നില്ക്കുന്നതു കണ്ടിരുന്നു. ഇടമറ്റം ഭാഗത്ത് ബൈക്കില്‍ കുറുവാ സംഘത്തിന്റെ വേഷത്തിനു സമാനമായി മുഖം മറച്ച രണ്ടുപേര്‍ കടന്നു പോയതായും പറയപ്പെടുന്നു. കുറുവാ സംഘത്തിന്റെ മറവില്‍ മറ്റു മോഷ്ടാക്കള്‍ വിഹരിക്കുന്നുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
കുറുവാ സംഘാംഗം സന്തോഷ് സെല്വന് അറസ്റ്റിലായതോടെ ശേഷിക്കുന്നവര്‍ കോട്ടയം ജില്ലയിലേക്ക് കടന്നതായി ദിവസങ്ങള്‍ക്കു മുമ്പു തന്നെ പ്രചാരണമുണ്ടായിരുന്നു. ഇടമറ്റം, പൈക, വിളക്കുമാടം പ്രദേശങ്ങളില്‍ നടന്ന മോഷണശ്രമങ്ങള്‍ക്കും പിന്നിലെ കുറ്റവാളികളെ ഉടന്‍ പിടികൂടി പ്രദേശവാസികളുടെ ഭീതി അകറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.