കൂട്ടിക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ നിർമാണോദ്ഘാടനം
1485315
Sunday, December 8, 2024 5:23 AM IST
മുണ്ടക്കയം: കൂട്ടിക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കെട്ടിട നിർമാണോദ്ഘാടനം 10ന് രാവിലെ 11ന് നടക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കൂട്ടിക്കൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അത്യാധുനിക നിലവാരത്തിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും നിർമിക്കാനായി സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒപി സേവനം, ഫാർമസി, ലാബ് സൗകര്യങ്ങൾ, ഭാവിയിൽ ഐപി സേവനവും ലഭ്യമാക്കുന്നതിനുള്ള ആധുനിക നിലവാരത്തിലുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമാണമാണ് ആരംഭിക്കുന്നത്.
പത്രസമ്മേളനത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, ഷക്കീല നസീർ, അനു ഷിജു തുടങ്ങിയവരും പങ്കെടുത്തു.