മഴ: കല്ലറയിലെ നെല്‍കര്‍ഷകര്‍ക്ക് നാലു കോടിയിലേറെ നഷ്ടം
1484421
Wednesday, December 4, 2024 7:11 AM IST
കടുത്തുരുത്തി: പ്രതീക്ഷകള്‍ തെറ്റിച്ചു കാലം തെറ്റി പെയ്ത കനത്ത മഴയില്‍ കല്ലറ പഞ്ചായത്തിലെ നെല്കര്ഷകര്ക്കുണ്ടായത് നാലു കോടിയിലേറേ രൂപയുടെ കൃഷിനാശം. കൃഷിവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വിളവെടുക്കാറായ 326 ഏക്കര്‍ പാടത്തെ നെല്‍ക്കൃഷി മഴയില്‍ വെള്ളം നിറഞ്ഞ പാടത്ത് അടിഞ്ഞു വീണ നിലയിലാണ്. ഇതു ഏകദേശം 1.98 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിതച്ച് ആറു മുതല്‍ 30 ദിവസം വരെ പ്രായമായ 470 ഏക്കര്‍ പാടശേഖരത്തെ കൃഷിയും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
വിത നടന്ന ആദ്യഘട്ട വളര്‍ച്ചയിലുള്ള പാടശേഖരത്തുണ്ടായ കൃഷിനാശംമൂലം 2.02 കോടിയുടെ നഷ്ടമുണ്ടായതായും കൃഷി വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. മാലിക്കരി-250 ഏക്കര്‍, ചേനക്കാല-80, മലയക്കണ്ടം-22, മാന്നാനത്തിക്കരി-22, എക്കമ്മ-50, കാഞ്ഞിരപ്പള്ളി-പോട്ടക്കരി-36 എന്നിങ്ങനെ 470 ഏക്കറോളം വരുന്ന വിത കഴിഞ്ഞ പാടശേഖരങ്ങളിലാണ് മഴയില്‍ വെള്ളം നിറഞ്ഞ് നാശമുണ്ടായത്.
വിത സംരക്ഷിക്കാനായി വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പാടശേഖരത്ത് നടക്കുന്നുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല. കെവി കനാലിലും മറ്റു തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പലയിടത്തും മട വീഴ്ച്ചയുണ്ടായതും പ്രതിസന്ധിയാണ്.
കൊയ്യാറായ പാടങ്ങളിലെ നെല്ല് മഴയില്‍ അടിഞ്ഞ് വെള്ളത്തില്‍ വീണതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. 30 ഏക്കര്‍ വരുന്ന പെരുന്തുരുത്തിലെ മുണ്ടകന്പള്ളി-കാരിച്ചാല്‍, 26 ഏക്കര്‍ വരുന്ന കൊടുതുരുത്ത് പുത്തന്‍കരി-ഇടയാടി, 183 ഏക്കര്‍ വരുന്ന പെരുന്തുരുത്ത് കോലത്തുകരി-വലിയകരി പാടശേഖരത്തെ നെല്ലും അടിഞ്ഞുവീണിട്ടുണ്ട്. അടുത്ത ദിവസം കൊയ്യാനിരുന്ന പാടശേഖരങ്ങളാണിത്.
കൊയ്ത്തു തുടങ്ങിയ പറവന്തുരുത്ത് ആനച്ചാംകുഴി പാടശേഖരത്ത് കൊയ്ത്ത് യന്ത്രം സമയത്ത് കിട്ടാഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. അമ്പത് ഏക്കറിനടുത്താണ് ഇവിടെ കൊയ്യാനായത്.
കാലം തെറ്റിയെത്തിയ മഴ കര്‍ഷകരുടെ കണക്ക് കൂട്ടലുകളാണ് തെറ്റിച്ചത്. ഒപ്പം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കര്‍ഷകരെ കൃഷിനാശം എത്തിച്ചിരിക്കുകയാണ്.
മാഞ്ഞൂരിലും വ്യാപക കൃഷിനാശം
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വ്യാപക കൃഷിനാശം. കനത്ത മഴയെ തുടര്‍ന്ന് തോട് കര കവിഞ്ഞും ബണ്ട് തകര്‍ന്നുമാണ് പാടശേഖരങ്ങളില്‍ കൂടുതലായും കൃഷിനാശമുണ്ടായത്. നൂറ് ഏക്കറോളം പാടശേഖരത്തെ നെല്‍ക്കൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. 15 ദിവസം മുതല്‍ 50 ദിവസം വരെ പ്രായമെത്തിയ നെല്‍ചെടികളാണ് നശിച്ചതിലേറേയും.
കപ്പക്കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. കോതനല്ലൂരില്‍ 17.5 ഏക്കറോളം വരുന്ന പള്ളിക്കണ്ടം ഇടയരിക് പാടശേഖരവും 15.5 ഏക്കര്‍ വരുന്ന പൂക്കളം-പായ്ക്കരി പാടശേഖരവും കൂരാത്തോട്-പോട്ടക്കരി പാടശേഖരവും വെള്ളം കയറി മൂടിയിരുന്നു. വിത കഴിഞ്ഞ് രണ്ടാഴ്ച്ച മാത്രം പിന്നിട്ട പാടശേഖരങ്ങളാണിത്. പൂവാശ്ശേരിയില് 40 ഏക്കറോളം വരുന്ന കൂരാത്തോട്-പോട്ടക്കരി പാടശേഖരവും മഴയില്‍ വെള്ളത്തിലായി.
പൂവാശ്ശേരി തോട് കവിഞ്ഞ് പാടശേഖരങ്ങളില്‍ വെള്ളം കയറുകയായിരുന്നു. പൂവാശ്ശേരി തോട് കരകവിഞ്ഞാണ് പാടശേരങ്ങളില്‍ വെള്ളം കയറിയത്. പാടശേഖരങ്ങള്‍ക്ക് ശക്തമായ പുറം ബണ്ടില്ലാത്തതും തോടുകള്‍ക്ക് ആഴം കുറഞ്ഞതും കൃഷിനാശത്തിന് കാരണമായതായി പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും പാടശേഖരങ്ങളുടെ പുറംബണ്ടിനായി അപേക്ഷകളും നിവേദനങ്ങളും നല്‍കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടികളും ഉണ്ടാകുന്നില്ല. പല പാടശേഖരങ്ങളും വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാണ്.
ഇന്നലെ മഴ കുറഞ്ഞതും വെയില് തെളിഞ്ഞതുമാണ് ഏക ആശ്വാസം. കുട്ടനാടന്‍ പാക്കേജിന്റെ പ്രയോജനം മാഞ്ഞൂരിലെ കര്‍ഷകര്‍ക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. 20,000 ത്തോളം രൂപ വീതം ഏക്കറിന് നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. മാഞ്ഞൂര്‍ കൃഷിഭവന് കീഴില്‍ വരുന്നതാണ് കൃഷി നാശമുണ്ടായ പാടശേഖരങ്ങള്‍. കൃഷി വകുപ്പധികൃതര്‍ പാടശേഖരങ്ങളിലെത്തി നാശനഷ്ടം കണക്കാക്കി വരികയാണ്.