ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ ശ്രമം: ടീച്ചേഴ്സ് ഗില്‍ഡ്
1484326
Wednesday, December 4, 2024 5:40 AM IST
പാലാ: ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ എയ്ഡഡ് മേഖലയില്‍ അംഗീകാരമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സ്ഥിരനിയമന അംഗീകാരം ലഭിച്ച അധ്യാപകരെയും ദിവസക്കൂലിക്കാരാക്കി എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് പാലാ രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ആരോപിച്ചു.
ഭിന്നശേഷി നിയമനക്കുരുക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ വളരെ വേഗം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ കോടതി ഉത്തരവുകളുടെ പേരില്‍ അധ്യാപക നിയമനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ആവശ്യത്തിന് ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തിലും പകരം സംവിധാനം ഒരുക്കുന്നതിലുള്ള സര്‍ക്കാര്‍ അലംഭാവം സ്ഥിരം അധ്യാപകരില്ലാതെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ മികവിനെ ഇല്ലാതാക്കുന്നതായും യോഗം വിലയിരുത്തി.
പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, രൂപത പ്രസിഡന്റ് ജോബി കുളത്തറ, സെക്രട്ടറി ഷിനു ആനത്താരയ്ക്കല്‍, ട്രഷറര്‍ പി.ഐ. ബെന്നിച്ചന്, ആമോദ് മാത്യു, ജോബറ്റ് മാത്യു, റിന്റാ അഗസ്റ്റിന്, ജോജോ ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.