ആലപ്പുഴ ദുരന്തം: സമാന ദുരന്തം കോട്ടയം മെഡി. കോളജിൽ നടന്നത് 2013ൽ
1484321
Wednesday, December 4, 2024 5:31 AM IST
കോട്ടയം: ആലപ്പുഴ കളര്‍കോട്ട് തിങ്കളാഴ്ച രാത്രി അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ദാരുണമായി മരിച്ചതിനു സമാനമായൊരു ദുരന്തത്തിന് പതിനൊന്ന് വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജും സാക്ഷ്യംവഹിച്ചു. 2013 ഏപില്‍ 30ന് രാത്രി നാലു ഹൗസ് സര്ജന്മാരാണ് വാഗമണ്ണിനു സമീപം തങ്ങള്‍പാറയില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു മരിച്ചത്.
പേരൂര്‍ മണ്ണാമല കുന്നുംപുറത്ത് കെ.സി. അനീഷ്കുമാര്‍ (24), കൊല്ലം അഞ്ചലില്‍ ആര്. രതീഷ്കുമാര്‍, തൊടുപുഴ ഉടുമ്പന്നൂര്‍ ചാലിപ്ലാക്കല്‍ ആന്റോ സി. ജയിംസ് (24), തൃക്കൊടിത്താനം കടുത്താനം ജോസഫ് ജോര്‍ജ് (24) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഹൗസ് സര്ജന്മാരായ വിഷ്ണു ദയാല്‍, അല്‍ഫോന്‍സ് ജിതിൻ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
വിനോദയാത്രയ്ക്കായി സുഹൃത്തുക്കള്‍ ഉച്ചയോടെ വാഗമണ്ണിലെത്തിയിരുന്നു. രാത്രി 8.30നു കൂട്ടിക്കല്‍-ഇലങ്ങാട് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രണ്ടായിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂടല്‍മഞ്ഞുമൂലം കാഴ്ച മറഞ്ഞതാണ് അപകടകാരണം.