ബണ്ട് പൊട്ടി 700 ഏക്കര്‍ പുഞ്ചപ്പാടം വെള്ളത്തില്‍
1484122
Tuesday, December 3, 2024 7:20 AM IST
ചങ്ങനാശേരി: അപ്രതീക്ഷിത പേമാരിയില്‍ ജലനിരപ്പുയരുന്നു. ചങ്ങനാശേരി താലൂക്കിലെ നിരവധി പാടശേഖരങ്ങളില്‍ ബണ്ടുപൊട്ടി മടവീണു. പുഞ്ചകൃഷിയിറക്കിയ നൂറുകണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ വെള്ളത്തിലായി.
പായിപ്പാട് പഞ്ചായത്തിലെ കാപ്പോണപ്പുറം പാടത്ത് നാലിടങ്ങളിലാണ് മടവീണത്. പുഞ്ചക്കൃഷിക്ക് വിത്ത് വിതച്ച പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ കര്‍ഷകരുടെ നേതൃത്വത്തില്‍ മട വീണ്ടും കെട്ടാനുള്ളശ്രമങ്ങള് നടത്തിയെങ്കിലും തുടര്‍ച്ചയായി പെയ്ത മഴ കര്‍ഷകരെ നിരാശയിലാഴ്ത്തി.
ബണ്ടു പൊട്ടിയതിനെ തുടര്‍ന്ന് പായിപ്പാട് പഞ്ചായത്തിലെ എട്ട്യാകരി, കുന്നംപള്ളി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം പടിഞ്ഞാറ്, പൂവത്ത് കിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കല്‍, നക്രാപുതുവല്‍ തുടങ്ങിയ ഭാഗങ്ങളിലെ 650 ഏക്കര്‍ കൃഷിയിടങ്ങളും വെള്ളത്തിലായിട്ടുണ്ട്. മൂന്നു മുതല്‍ പത്തുവരെ ദിവസങ്ങളില്‍ വിതച്ച നെല്ലാണ് വെള്ളത്തിലായിരിക്കുന്നത്. മൂന്നു നാലു ദിവസങ്ങള്‍ പാടത്തു വെള്ളം കെട്ടിക്കിടന്നാല്‍ വിതച്ച നെല്ല് ചീഞ്ഞുപോകാനിടയുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അമ്പതുമീറ്ററോളം മട പുനര്‍നിര്‍മ്മിക്കാന്‍ ഒരുലക്ഷത്തോളം രൂപവേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇരുപതോളം ഇടങ്ങളില്‍ മടപൊട്ടിയതായാണ്കൃഷിവകുപ്പിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. എസി കനാലില്‍ നിന്നും പൂവം ഭാഗത്തേക്ക് വെള്ളം ഇരച്ചു കയറുന്നത് തടയാന്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ തടയണ നിര്‍മിച്ചിട്ടുണ്ട്. കുറിച്ചി പഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തില്‍ മൂന്ന് ഇടങ്ങളിലാണ് മടവീണത് 32 ഏക്കര്‍ പാടശേഖരത്തിലാണ് വെള്ളം കയറിയത്.
വാകത്താനം പഞ്ചായത്തിലെ മണിയന് പടവത്ത്, വരമ്പിനകം പാടങ്ങളിലും മടപൊട്ടിയിട്ടുണ്ട്. മൂന്നരടണ്ണോളം നെല്‍വിത്തിന് നാശം നേരിട്ടതായാണ് കണക്കാക്കപ്പെടുന്നത്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; നെടുംകുന്നത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു
നെടുംകുന്നം: കനത്ത മഴയിൽ നെടുംകുന്നം പഞ്ചായത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി, വാർഡിലെ ഇടവെട്ടാൽ, 15-ാം വാർഡിലെ പനക്കവയൽ തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത്.
നെടുമണ്ണി കടുത്താനം, ആര്യാട്ടുകുഴി ഭാഗങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. ഇടവെട്ടാൽ ഭാഗത്തെ 12 വീടുകളിലും, പനക്കവയലിലെ 14 വീടുകളിലും, ആര്യാട്ടുകുഴിയിലെ മൂന്ന് വീടുകളിലുമാണ് വെള്ളം കയറിയത്. ആര്യാട്ടുകുഴി-കോവേലി റോഡിലും കറുകച്ചാൽ-മണിമല റോഡിൽ നെടുമണ്ണിയിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ, ചങ്ങനാശേരി അസിസ്റ്റന്റ് തഹസിൽദാർ നിജു കുര്യൻ, വില്ലേജ് ഓഫീസർ ടി. പൂർണേന്തു എന്നിവരുടെ നേതൃത്വത്തിൽ വെള്ളം കയറിയ സ്ഥലങ്ങളും വീടുകളും സന്ദർശിച്ചു.
റോഡിന്റെ തിട്ട ഇടിഞ്ഞു
മാന്തുരുത്തി: കനത്ത മഴയിൽ റോഡിന്റെ തിട്ട ഇടിഞ്ഞ് തോട്ടിൽ പതിച്ചു. മാന്തുരുത്തി - നെടുംകുന്നം റോഡിൽ മാന്തുരുത്തി കവലയ്ക്കു സമീപമാണ് റോഡ് ഇടിഞ്ഞുതാണത്. ചങ്ങനാശേരി - വാഴൂർ റോഡിനെയും ചങ്ങനാശേരി-മണിമല റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. റോഡിന്റെ സൈഡ് തിട്ട പൂർണമായും ഇടിഞ്ഞു തോട്ടിലേക്ക് പതിച്ച അവസ്ഥയിലാണ്.
കഴിഞ്ഞവർഷവും ഇപ്പോൾ ഇടിഞ്ഞതിന്റെ സമീപത്തായി റോഡ് ഇടിഞ്ഞിരുന്നെങ്കിലും ഇത് പുനരുദ്ധരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോൾ വലിയതോതിൽ റോഡ് ഇടിഞ്ഞ് താഴാൻ കാരണമായത്. ഭാരവാഹനങ്ങൾ പോകുമ്പോൾ റോഡ് കൂടുതൽ ഇടിഞ്ഞ് റോഡിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിനു കാരണമാകും എന്ന ആശങ്കയിലാണ് ജനങ്ങൾ.