സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന് നാശനഷ്ടം
1484091
Tuesday, December 3, 2024 6:57 AM IST
പൊൻകുന്നം: ടൗണിൽ പൊൻകുന്നം മുഹിയിദീൻ ജുമാ മസ്ജിദിന് സമീപം സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന് നാശനഷ്ടം. കെആർ മൻസിൽ എം. ഹിദായത്തുള്ളയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഞായറാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ തകർന്നത്.
സംരക്ഷണഭിത്തിയോട് ചേർന്നുള്ള മുറിയുടെ ഭാഗവും പില്ലറും തകർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. വീടിന് അടിയിലെ മണ്ണ് ഇടിഞ്ഞ് താഴേയ്ക്ക് വീണിരിക്കുകയാണ്.
സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞ് വീണത് സമീപത്തെ വീടിന് മുൻവശത്താണ്. ഈ വീടിനും കേടുപാട് സംഭവിച്ചു. അപകട സാധ്യത കണക്കിലെടുത്ത് രണ്ട് വീടുകളിലെയും ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആറു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.