സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി തീർഥാടക വിശ്രമകേന്ദ്രം
1484088
Tuesday, December 3, 2024 6:57 AM IST
കോരുത്തോട്: കോരുത്തോട് ടൗണിന് സമീപം ശബരിമല തീർഥാടകർക്കായി നിർമിച്ച വിശ്രമകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായി ആക്ഷേപം. കോരുത്തോട് പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കാനാണ് 2005ൽ സ്ഥലം വാങ്ങിയത്.
പക്ഷേ, ഇതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് അന്വേഷണവും നേരിട്ടിരുന്നു. ഇവിടേക്കുള്ള പൊതുവഴിക്കായി പഞ്ചായത്ത് വീണ്ടും പണം നൽകി ഒന്പത് സെന്റ് സ്ഥലം കൂടി വാങ്ങിയിരുന്നു. ഇതിനിടെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീർഥാടക വിശ്രമകേന്ദ്രം പദ്ധതി ഇതേ സ്ഥലത്ത് നിർമിക്കുവാൻ അന്നത്തെ യുഡിഎഫ് ഭരണസമിതി തീരുമാനിച്ചത്.
കോരുത്തോട് ജംഗ്ഷന് സമീപം ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീയാസൂത്രണ പദ്ധതി പ്രകാരമാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് അയ്യപ്പഭക്തർക്കായുള്ള ഇടത്താവളം നിർമിച്ചത്.
ബ്ലോക്ക് പഞ്ചായത്തിൽനിന്നു 12.5 ലക്ഷവും പഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപ വിനിയോഗിച്ച് 15 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഹാളുകളും നാല് ബാത്ത് റൂമുകളോടും കൂടിയ വിശ്രമകേന്ദ്രം നിർമിച്ചത്. 2015 സെപ്റ്റംബർ 24ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കെട്ടിടം പഞ്ചായത്തിനു വിട്ടുനൽകിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അവകാശപ്പെട്ടപ്പോൾ തങ്ങൾക്ക് നിയമപരമായി കെട്ടിടം വിട്ടുകിട്ടിയില്ലെന്ന് പഞ്ചായത്ത് നിലപാടെടുത്തു. ഇതോടെ ശബരിമല തീർഥാടന വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ പിന്നിട്ടിട്ടും പൊതു ഖജനാവിൽനിന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വെറുതെ കിടന്നു നശിക്കുകയാണ്. നിർമാണത്തിനു ശേഷം തുറന്നിട്ടിരുന്ന ശുചിമുറികളും ഉപകരണങ്ങളും നശിച്ച നിലയിലാണ്. കെട്ടിടം അനാഥമായതോടെ മദ്യപാനികളും ചീട്ടുകളിസംഘങ്ങളും ഇവിടം സാമൂഹ്യവിരുദ്ധ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
ഈ ശബരിമല തീർഥാടന കാലത്തെങ്കിലും കെട്ടിടം തുറന്നു നൽകണമെന്ന് ആവശ്യം ഉയർന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. അധികൃതർ തമ്മിലുള്ള വടംവലി മൂലം സാധാരണക്കാരുടെ നികുതിപ്പണത്താൽ കെട്ടി ഉയർത്തിയ കെട്ടിടവും മറ്റു സൗകര്യങ്ങളുമാണ് ഇന്ന് ഉപയോഗിക്കുവാനാകാതെ വെറുതെ കിടന്ന് നശിക്കുന്നത്.