ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിൽ ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്നതു ഭീഷണി
1467279
Thursday, November 7, 2024 7:18 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓടയുടെ സ്ലാബ് തകര്‍ന്നു തുറന്ന് കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ദിവസങ്ങളായി സ്ലാബ് തകര്‍ന്ന് കിടക്കുകയാണെങ്കിലും സ്ലാബ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്റ്റാന്‍ഡിലേക്ക് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗത്താണ് സ്ലാബ് തകര്‍ന്നിരിക്കുന്നത്. റോഡില്‍ നിന്നും തിരിഞ്ഞു സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് ഓടയുടെ മുകളിലൂടെയാണ്. ഈ ഓടയുടെ സ്ലാബാണ് തകര്‍ന്ന് ഓട വാ തുറന്ന് കിടക്കുന്നത്.
ഓടയ്ക്കു മീതെ സ്ഥാപിച്ചിരുന്ന ഒരു സ്ലാബ് പൂര്‍ണമായും തകര്‍ന്ന് ഓടയിലേക്കു വീണ നിലയിലാണ്. സ്റ്റാന്‍ഡിലേക്കു കയറുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. നാട്ടുകാര്‍ മരകമ്പുകള്‍ കുത്തി നിര്‍ത്തിയാണ് അപകട മുന്നറിയിപ്പ് നല്‍കുന്നത്.
തകര്‍ന്ന സ്ലാബിന് സമീപത്തെ മറ്റ് സ്ലാബുകളും തകര്‍ച്ചയുടെ വക്കിലാണെന്ന് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മുന്നറിയിപ്പ് നല്കുന്നു. പിഡബ്ല്യുഡി അധികൃതര്‍ തകര്‍ന്ന സ്ലാബ് പുനഃസ്ഥാപിക്കാനും മറ്റു സ്ലാബുകളുടെ ബലക്ഷയം പരിശോധിക്കാനും നടപടി വേണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.