പള്ളിമുറ്റത്ത് നൂറുമേനി വിളയിച്ച് ഫാ. ജോസഫ് വടകര
1467214
Thursday, November 7, 2024 5:59 AM IST
പാലാ: കവീക്കുന്നില്‍ എത്തിയാല്‍ പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറികൃഷിയാല് നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണുളളത്. അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര.
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാര്‍ഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടന്‍ തൂമ്പയുമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ പതിവ് .
കവീക്കുന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് കൃഷി ചെയ്തിരിക്കുന്നത്. കൈക്കാരന്മാരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അതിന്റെ വിളവെടുപ്പ് നടത്തുകയാണ്. മരച്ചീനികള് കടകളില്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുകൊടുക്കും. ഒന്നര ടണ്ണോളം പച്ചക്കപ്പ ഇതുവരെ വില്പന നടത്തി. കൂടാതെ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തു വരുന്നു.
250 ഗ്രോബാഗുകളിലായി വഴുതന, പയര്‍, പച്ചമുളക്, വെണ്ട തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. വാഴ, ചെങ്കദളി, റോബസ്റ്റ, നേന്ത്രവാഴ എന്നിവയുടെ കൃഷിയുമുണ്ട്. ആയൂര്‍ജാക്ക് ഇനത്തില്‍പെട്ട 140 പ്ലാവുകള്‍ പള്ളിപ്പറമ്പിലും പാരിഷ് ഹാളിനു സമീപവുമായി കൃഷി ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മാത്രം നട്ട ഇവയില്‍ പലതും കായ്ഫലം നല്‍കിത്തുടങ്ങിയിട്ടുണ്ട്.
കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കല്‍, ബാബു മുകാല, ജോസ് മുകാല, ദൈവാലയ ശുശ്രൂഷി അമല്‍ വട്ടമറ്റം എന്നിവരും കൃഷിപ്പണികളില്‍ ഇദ്ദേഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
മുമ്പ് കല്യാണ്‍ രൂപതയില്‍ സാബന്തവാടിയില്‍ എസ്റ്റേറ്റിന്റെ ചുമതലക്കാരനായിരുന്നു ഫാ.ജോസഫ് വടകര. അവിടെയും കൃഷിയില്‍ കര്‍മനിരതനായിരുന്നു ഇദ്ദേഹം. ഇടുക്കി രൂപതയില്‍പ്പെട്ട ഹൈറേഞ്ച്-മുരിക്കന്‍തൊട്ടി ഇടവകയില്‍ ഏലം കൃഷിയുണ്ടായിരുന്നു.
അവിടെ അഞ്ചുവര്‍ഷം സേവനം ചെയ്തു. ഇടുക്കി രൂപതയില്‍ ഇരുമ്പുപാലം ഇടവകയില്‍ മൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചു. പിന്നീട് പാലാ രൂപതയിലെ ഉദയഗിരിപള്ളി വികാരിയായിരുന്നു. അവിടെനിന്നു കവീക്കുന്നില്‍ എത്തിയിട്ട് രണ്ടര വര്‍ഷത്തോളമായി.
വിഷരഹിതമായ പച്ചക്കറികളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തുവരുന്നത്. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂ. വിളവെടുപ്പു സമയത്ത് കവീക്കുന്ന് പള്ളിയില്‍ എത്തിയാല്‍ പച്ചക്കറി, കപ്പ തുടങ്ങിയവയുടെ കിറ്റ് അച്ചന് തയാറാക്കിവച്ചിരിക്കും.