ജനറൽ ആശുപത്രി കാത്ത്ലാബിന് താത്കാലികമായി രണ്ട് ഡോക്ടര്‍മാർ
1467213
Thursday, November 7, 2024 5:48 AM IST
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രി കാത്ത് ലാബിലേയ്ക്ക് താത്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ശബരിമല മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ കാത്ത് ലാബിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് ഡോക്ടര്‍മാരെ നിയമിച്ചത്. ഇവിടെ പ്രവര്ത്തനമനുഷ്ഠിച്ചുകൊണ്ടിരുന്ന രണ്ടു ഡോക്ടര്‍മാരും സ്ഥാനക്കയറ്റം ലഭിച്ചുപോയതോടെയാണ് കാത്ത്ലാബിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്.
കാത്ത് ലാബില്‍ നേരത്തേ സേവനമനുഷ്ഠിച്ചിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറി പോയ കാര്‍ഡിയോളി കണ്‍സള്‍ട്ടന്റ് ഡോ. പ്രസാദ് പി. മണി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജനറല്‍ മെഡിസിന് ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കരോള്‍ ജോസഫ് എന്നിവരെയാണ് കാത്ത് ലാബിലേക്ക് നിയമിച്ചിരിക്കുന്നത്.
10 മുതല്‍ രണ്ടുമാസ കാലയളവിലേയ്ക്ക് ജോലി ക്രമീകരണ വ്യവസ്ഥയിലാണ് രണ്ടു ഡോക്ടമാരെയും നിയമിച്ചത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡോ. കരോള്‍ ജോസഫും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഡോ. പ്രസാദ് പി. മണിയും കാത്ത് ലാബിന്റെ ചുമതല വഹിക്കും.
മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലമാരംഭിക്കാന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിന്റെ ചുമതല വഹിച്ചിരുന്ന രണ്ടു ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത്.
കണ്‍സള്‍ട്ടന്റായിരുന്ന ഡോ. ബിജുമോനെ സീനിയര്‍ കണ്‍സള്‍ട്ടന്റായും ജൂനിയര്‍ കണ്‍സള്‍ട്ടന്റായിരുന്ന പ്രസാദ് കെ. മാണിയെ കണ്‍സള്‍ട്ടന്റായും ആണ് സ്ഥാനക്കയറ്റം നല്കി സ്ഥലം മാറ്റിയത്. ഇരുവരും സ്ഥാനക്കയറ്റം ലഭിച്ച് പോയതോടെ ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം താളം തെറ്റി.
ഡോക്ടര്‍മാരില്ലാത്തതിനാല്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയടക്കം മുടങ്ങിയ നിലയിലായിരുന്നു. അടിയന്തര ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ പോലും മറ്റ് ആശുപത്രികളിലേയ്ക്ക് അയയ്ക്കുന്ന സ്ഥിതിയിലായിരുന്നു. ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി.
തീര്‍ഥാടന കാലമാരംഭിക്കാന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡോക്ടര്‍മാരെ മാറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഇപ്പോള്‍ താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.