വനംകുളവിയും വന്യജീവി; നഷ്ടപരിഹാരം നല്‍കണം
1467188
Thursday, November 7, 2024 5:36 AM IST
കോട്ടയം: വനംകുളവിയുടെ കുത്തേറ്റ് എരുമേലി പഞ്ചായത്തിലെ പാക്കാനത്ത് കാവനാല്‍ കുഞ്ഞുപെണ്ണും മകള്‍ തങ്കമ്മയും ദാരുണമായി മരിച്ചത് വന്യജീവി ആക്രമണത്തിൽതന്നെ പെടുത്തണമെന്ന് ആവശ്യം. കടന്നല്, തേനീച്ച എന്നിവ വനജീവികളായതിനാല് മരണം സംഭവിച്ചാല്‍ വന്യജീവി ആക്രമണത്തിന്റെ പരിധിയില്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും വ്യവസ്ഥയുണ്ട്.
1980 ലെ വന്യമൃഗ ആക്രമണം സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ കുത്തോ കാരണം മരണം സംഭവിച്ചാലും നല്‍കുക.
പെരുന്തേനീച്ചയെക്കാളും കുളവിയെക്കാളും മാരകമാണ് കൊടുംവിഷമുള്ള വനംകുളവിയുടെ കുത്ത്. അഞ്ചിലേറെ കുത്തുകളേറ്റാല്‍ മരണം സംഭവിക്കാം. മുഖത്തേല്‍ക്കുന്ന കുത്താണ് കൂടുതല്‍ മാരകം. വനംകുളവിയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മരിച്ച ഇരുവരുടെയും ദേഹമാസകലം കുത്തേറ്റിരുന്നു. എരുമേലി പഞ്ചായത്തില്‍ ഇതോടെ വന്യമൃഗ ആക്രമണത്തില്‍ ആറു പേര്‍ക്കാണ് ജീവൻ നഷ്ടമായത്.
കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേരും തുലാപ്പള്ളിയില്‍ കാട്ടാനയുടെ കടന്നേറ്റത്തില് ഒരാളും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ചൊവ്വാഴ്ച പാക്കാനത്ത് വനംകുളവിയുടെ ആക്രണം.
സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി, അയല്‍വാസി ശിവദര്ശന് എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.