ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ സംഗമം എട്ട്, ഒമ്പത് തീയതികളിൽ കുറവിലങ്ങാട്ട്
1467180
Thursday, November 7, 2024 5:35 AM IST
കോട്ടയം: ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ സംഗമം എട്ട്, ഒമ്പത് തീയതികളില്‍ കുറവിലങ്ങാട്ട് നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദേശ മലയാളികളെ പ്രതിനിധീകരിച്ച് ഇത്തവണ ശങ്കരപുരി കുടുംബാംഗങ്ങള്‍ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എട്ടിനു കുറവിലങ്ങാടിനടുത്ത് കുര്യത്ത് സ്ഥിതി ചെയ്യുന്ന ശങ്കരപുരി കപ്പേളയില്‍നിന്നും സമ്മേളന നഗറിലേക്കുള്ള ദീപശിഖയും പതാകയും ഇന്ത്യന്‍ റെയില്‍വേ താരവും ശങ്കരപുരി കുടുംബാംഗവുമായ ടി.സി. ജയിംസ് തെക്കേടം എത്തിക്കും.
ഗ്ലോബല്‍ എക്യുമെനിക്കല്‍ സമ്മേളന സംഘാടക സമിതി ചെയര്മാന് ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍ ദീപശിഖ ഏറ്റുവാങ്ങും. എക്യുമെനിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. സിറിയക് തോമസ് പതാക ഉയര്‍ത്തും. പ്രധാന സമ്മേളന ദിനമായ ഒമ്പതിന് രാവിലെ ഏഴിന് മര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രതിനിധികളുടെ രജിസ്ട്രേഷനും നടക്കും.
10ന് മുത്തിയമ്മ ഹാളില്‍ ഡോ. സിറിയക് തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മുഖ്യാതിഥിയായി പങ്കെടുക്കും.
റവ. ജോണ്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ പൂര്‍വിക അനുസ്മരണം നടത്തും. കാലം ചെയ്ത കുടുംബയോഗം മുന്‍ രക്ഷാധികാരി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തായെ അനുസ്മരിച്ച് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗിക്കും.
ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് എന്നിവര്‍ പ്രസംഗിക്കും. പി.ജെ. ജോസഫ് എംഎല്‍എ, മുഖ്യസന്ദേശവും ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണവും നടത്തും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്,
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയിൽ, എക്യുമെനിക്കല്‍ ഫോറം വൈസ് ചെയര്മാന്മാരായ ഡോ. ജോസ് പോള്‍ ശങ്കൂരിക്കല്‍, ഡോ. ജോസ് കാലായില്‍, ട്രഷറര്‍ ജോര്‍ജുകുട്ടി കര്യാനപ്പള്ളില് ,ഡോ. ഏബ്രഹാം ബെന്ഹര്, എക്യുമെനിക്കല്‍ ഫോറം ജനറല്‍ സെക്രട്ടറി തോമസ് കണ്ണന്തറ, ജനറല്‍ കണ്‍വീനര്‍ അഡ്വ. സിജി ആന്റണി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 1.45 ന് യുവജന കുടിയേറ്റത്തിന്റെ ഗുണ-ദോഷവശങ്ങളും വയോജന സംരക്ഷണത്തിന്റെ പുതിയ കാഴ്ചപ്പാടും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് മെമ്പര്‍ ഡോ. സ്റ്റാനി തോമസ്, സീറോ മലബാര്‍ കൂരിയ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
എംജി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സര്‍വീസസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. ജോസ് ചോലപ്പള്ളി മോഡറേറ്ററായിരിക്കും. മൂന്നിനു ചേരുന്ന സഭൈക്യസംഗമം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയാകും.
ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണവും മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ സന്ദേശവും നല്‍കും. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്മാന് പ്രഫ. പി.ജെ. കുര്യന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാലാ രൂപത വികാരി ജനറാൽ മോണ്‍. ജോസഫ് കണിയോടിക്കല്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്. തോമസ് കണ്ണന്തറ എന്നിവര്‍ പ്രസംഗിക്കും.
സിജി ആന്റണി തെക്കേടത്ത് ക്രൈസ്തവ സംഗമ പ്രമേയം അവതരിപ്പിക്കും വ്യത്യസ്ത മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്കിയ 15 പ്രമുഖ വ്യക്തികളെ ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിക്കും.
ഡോ. സിറിയക് തോമസ്, തോമസ് കണ്ണന്തറ, ജോയ് ചെട്ടിശേരി, ആല്വിന് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.