വെച്ചൂർ ഇടയാഴം സെന്റ് മേരീസ് എൽപി സ്കൂളിന് സമീപം പാടത്ത് ശുചിമുറി മാലിന്യം തള്ളി
1461314
Tuesday, October 15, 2024 7:28 AM IST
വെച്ചൂർ: ഇടയാഴം സെന്റ് മേരീസ് എൽപി സ്കൂളിനു സമീപത്തെ പാടത്ത് ശുചിമുറി മാലിന്യം തള്ളി. ഇന്നലെ പുലർച്ചെ രണ്ടിടത്താണ് മാലിന്യം തള്ളിയത്. ഒരാഴ്ച മുമ്പും ഇവിടെ മാലിന്യം തള്ളിയിരുന്നു.
പഞ്ചായത്ത് അംഗം ഗീതാസോമൻ, പൊതു പ്രവർത്തകനായ സുരേഷ് ബാബു, പിടിഎ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ അണുനാശിനി തളിച്ചാണ് ദുർഗന്ധം ശമിപ്പിച്ചത്.
ഇടയാഴം - കല്ലറ റോഡിൽ പാടശേഖരങ്ങളുടെ സമീപത്ത് ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ ജനരോഷം ശക്തമായതിനെ തുടർന്ന് കുറച്ചു ദിവസമായി നിലച്ചിരുന്ന മാലിന്യനിക്ഷേപമാണിപ്പോൾ പുനരാരംഭിച്ചത്.
മാലിന്യനിക്ഷേപം സ്ഥിരമായതോടെ പഞ്ചായത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ കാമറകൾ വരെ തകരാറിലാക്കിയാണ് മാലിന്യനിക്ഷേപം തുടരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
വെച്ചൂരിലെ വാട്ട്സ്ആപ്പ് കൂട്ടായ്മ ഇതിനെതിരെ നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷിന് പരാതി നൽകി. മന്ത്രിയുടെ ഓഫീസ് തുടർ നടപടിയ്ക്കായി പരാതി കോട്ടയം ജില്ലാ ജോയിന്റ് ഡയക്ടർക്ക് കൈമാറിയിട്ടുണ്ട്.