ബസുകളുടെ നിയമലംഘനം: പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്
1461045
Monday, October 14, 2024 11:38 PM IST
മുണ്ടക്കയം: ദേശീയപാതയിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലാ എൻഫോഴ്സ്മെന്റ് മേധാവി സി. ശ്യാമിന്റെ നിർദേശപ്രകാരമാണ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി ബസ്സ്റ്റാൻഡുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തി.
സ്പീഡ് ഗവേർണർ ഇല്ലാതെ സർവീസ് നടത്തുന്നതായി കണ്ടെത്തിയ 14 ബസുകളുടെ പെർമിറ്റ് താത്കാലികമായി പിൻവലിച്ചു. ഇത്തരം വാഹനങ്ങളുടെ ക്രമക്കേടുകൾ പരിഹരിച്ചശേഷം കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ മുന്പാകെ വാഹനം ഹാജരാക്കിയ ശേഷമേ സർവീസ് നടത്താൻ അനുവദിക്കൂ. അമിത ശബ്ദത്തിലുള്ള എയർ ഹോൺ മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച 15 ബസുകൾക്കെതിരേയും നടപടി സ്വീകരിച്ചു. കൂടാതെ കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവരിൽനിന്നു പിഴ ഈടക്കി.
പരിശോധനയിൽ 103 വാഹനങ്ങളിൽനിന്നായി 1,20,000 രൂപയുടെ പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്വകാര്യ ബസുകൾക്കൊപ്പം കെഎസ്ആർടിസി ബസിലും പരിശോധന നടത്തി. ബസുകളുടെ അമിതവേഗതയും മത്സര ഓട്ടവും ഒഴിവാക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷകൂടി മുൻനിർത്തിയാണ് കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.
മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർമാരായ ബി. ആഷകുമാർ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥരായ മനോജ് കുമാർ, ഗണേഷ് കുമാർ, രജനീഷ്, സി.ആർ. രാജു, സുജിത്, സെബാസ്റ്റ്യൻ, ദിപു ആർ. നായർ എന്നിവരും പരിശോധയിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ ജില്ലയുടെ മറ്റു താലൂക്കുകളിലും പരിശോധന തുടരുവാനാണ് മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റിന്റെ തീരുമാനം.