വന്യമൃഗ ശല്യം: സമ്പൂർണ സുരക്ഷിതത്വ ക്രമീകരണ ഉദ്ഘാടനം നാളെ
1461043
Monday, October 14, 2024 11:37 PM IST
മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള വനാതിർത്തി മേഖല പൂർണമായും വന്യമൃഗശല്യങ്ങളിൽനിന്നു സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമാണോദ്ഘാടനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കോരുത്തോടിൽ നടക്കുന്ന സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, കൃഷിവകുപ്പിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി മുഖേനയുള്ള ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തി 7.34 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനമേഖലയും ജനവാസമേഖലയുമായി അതിർത്തി പങ്കിടുന്ന അഴുതക്കടവ്, കാളകെട്ടി, കണ്ടങ്കയം, മതമ്പ, കണ്ണാട്ടുകവല, പന്നിവെട്ടുംപാറ, കൊമ്പുകുത്തി, മഞ്ഞളരുവി, കുളമാക്കൽ, വണ്ടൻപതാൽ, കരിനിലം, പുലിക്കുന്ന്, കണ്ണിമല, വെള്ളനാടി എസ്റ്റേറ്റ്, മമ്പാടി എസ്റ്റേറ്റ്, പാക്കാനം, ചീനിമരം, പായസപ്പടി, എലിവാലിക്കര, ശാന്തിപുരം, കീരിത്തോട്, കൊപ്പം, ഇരുമ്പൂന്നിക്കര, തുമരംപാറ, കോയിക്കക്കാവ് തുടങ്ങി വനമേഖലയുമായി അതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളിലും ഓരോ പ്രദേശങ്ങളുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായി സോളാർ ഫെൻസിംഗ്, ഹാംഗിംഗ് ഫെൻസിങ്ങ്, കിടങ്ങ് തുടങ്ങിയവയാണ് നിർമിക്കുക.
പോലീസ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. ഇതിൽ കണ്ണാട്ടുകവല, പന്നിവെട്ടുപാറ, കൊമ്പുകുത്തി ഭാഗത്തും മമ്പാടി മുതൽ പാക്കാനം വരെയും മഞ്ഞളരുവി മുതൽ കുളമാക്കൽ വരെയും ആന പ്രതിരോധ കിടങ്ങുകളും ബാക്കി എല്ലാ ഭാഗങ്ങളിലും തൂക്കു സൗരവേലിയുമാണ് നിർമിക്കുക.
തൂക്കുവേലി നിർമാണത്തിന് ഒരു കിലോമീറ്ററിന് ഏകദേശം ഒന്പതു ലക്ഷം രൂപയും കിടങ്ങ് നിർമാണത്തിന് ഏകദേശം 25 ലക്ഷം രൂപയുമാണ് ചെലവുവരിക. കിടങ്ങുകൾ രണ്ടു മീറ്റർ ആഴത്തിലും രണ്ടുമീറ്റർ വീതിയിലും തൂക്കുവേലികൾ 15 അടി ഉയരത്തിലുമാണ് നിർമിക്കുക.
ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കിക്കഴിയുമ്പോൾ വനമേഖലയും ജനവാസ മേഖലയും തമ്മിൽ വേർതിരിച്ച് പൂർണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.