കുടിവെള്ള വിതരണം : കടുത്തുരുത്തിയിൽ ഉദ്യോഗസ്ഥ അനാസ്ഥയെന്ന്
1460972
Monday, October 14, 2024 6:30 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണം ശരിയായി നടക്കുന്നില്ലെന്ന് പരാതി. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നും ഗുണഭോക്താക്കള്‍ പറയുന്നു.
പഞ്ചായത്തിലെ വെള്ളാശേരി ഭാഗത്ത് മൂന്നാഴ്ചയിലേറേയായി കുടിവെള്ളം കിട്ടാത്ത കുടുംബങ്ങളുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. കടത്തുരുത്തിയില് വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ അപാകതകൾ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് ഏറേ കാലമായി. കിട്ടാത്ത വെള്ളത്തിന് ഗുണഭോക്താക്കള്‍ ബില്ലടയ്ക്കേണ്ടിവരുന്നതായി മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാസം കട ുത്തുരുത്തിയില് മോന്‍സ് ജോസഫ് എംഎല്‍എ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കുമ്പോഴും മേഖലയില്‍ പലയിടത്തും കുടിവെള്ള വിതരണം ഇപ്പോഴും തോന്നും പടിയാണ്. എസ്വിഡി പള്ളി ഭാഗത്ത് മൂന്നാഴ്ചയിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയതായാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. അധികൃതരെ വിവരം അറിയിച്ചപ്പോള്‍ പരിശോധിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്ന് ആക്ഷേപമാണ് ഗുണഭോക്താക്കള്‍ ഉന്നയിക്കുന്നത്.
വെള്ളാശേരി സ്വദേശി കലങ്ങോട്ടുകാലായില് രാജേഷ് ആണ് ഏറ്റവും ഒടുവില്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജേഷിന്റെ കുടുംബം വെള്ളത്തിനായി വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണത്തെയാണ് പൂര്‍ണമായി ആശ്രയിച്ചിരുന്നത്. ഇടയ്ക്കിടെ കുടിവെള്ള വിതരണം മുടങ്ങിയിരുന്നതിനാല്‍ നാല് ടാങ്കുകളിലായാണ് വെള്ളം സംഭരിച്ചിരുന്നത്. എന്നാല്‍ മൂന്ന് ആഴ്ചയിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയതോടെ ഈ കുടുംബം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. നിലവില്‍ സമീപപുരയിടത്തില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറിലെ വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
കിണറ്റിലെ വെള്ളം കുടിക്കാന്‍ കൊള്ളില്ലാത്തതിനാല്‍ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
ഒരു ടാങ്കില്‍ പകുതിയോളമുള്ള വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യുവാനുമായി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവര്‍. ഈ വെള്ളം തീരുന്നതോടെ പിന്നെ കുടിക്കാനുള്ള വെള്ളം തലച്ചുമടായി സമീപ വീടുകളില്‍ നിന്നും എത്തിക്കേണ്ടി വരും. പ്രദേശത്ത് പല വീടുകളിലെയും അവസ്ഥ വിഭിന്നമല്ല. വെള്ളം കിട്ടുന്നില്ലെങ്കിലും രണ്ട്മാസം കൂടുമ്പോള്‍ കൃത്യമായി ബില്ല് എല്ലാവര്ക്കും കിട്ടുന്നുമുണ്ട്.
മീറ്റര്‍ വാടകയും സര്‍വീസ് ചാര്‍ജുമാണ് ഇതെന്ന് വാട്ടര്‍ അഥോറിറ്റി പറയുമ്പോഴും വീട്ടുമുറ്റത്ത് നോക്കുകുത്തിയായിരിക്കുന്ന മീറ്ററിന് എന്തിന് വാടക നല്‍കണമെന്നാണ് ഗുണഭോക്താക്കള്‍ ചോദിക്കുന്നത്. എന്നാല്‍ പ്രദേശത്ത് മൂന്നാഴ്ചയായി വെള്ളം മുടങ്ങിയിട്ടില്ലെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ നിലപാട്. പ്രധാന പൈപ്പ് ലൈനിലെ തകരാര്‍ മൂലം അറ്റകൂറ്റപണികള്‍ നടന്നപ്പോളായിരിക്കും വെള്ളം മുടങ്ങിയതെന്നും ഇവര്‍ പറയുന്നു.
കുടിവെള്ള വിതരണം ഉടന്‍തന്നെ പൂര്വസ്ഥിതിയാലാകുമെന്നും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറയുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിച്ച ബില്ലിലെ മീറ്റര്‍ റീഡിംഗും ഇപ്പോഴത്തെ മീറ്റര്‍ റീഡിഗും താരതമ്യം ചെയ്താല്‍ കുടിവെള്ള വിതരണം മുടങ്ങിയ കാര്യം ബോധ്യപ്പെടുമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
പൈപ്പ് ലൈനിലെ തകരാര്‍ പതിവാണെന്നും ഇതൊക്കൊ പരിഹരിച്ചു വെള്ളം കൃത്യമായി കിട്ടുന്ന കാലമുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.