സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പുമായി കൃഷിവകുപ്പ്
1460862
Monday, October 14, 2024 3:13 AM IST
കുറവിലങ്ങാട്: ചെറുകിട കാർഷിക ഉപകരണങ്ങൾക്ക് സൗജന്യ നിരക്കിൽ അറ്റകുറ്റപ്പണികൾ സമ്മാനിച്ച് കൃഷി വകുപ്പ്. കോട്ടയം ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള സർവീസ് ക്യാമ്പുകൾ നടത്താനാണ് തീരുമാനം. ഇതിനോടകം വൈക്കം, പനച്ചിക്കാട് എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടത്തിക്കഴിഞ്ഞു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകരുടെയും പാടശേഖരസമിതികളുടെയും കർഷകക്കൂട്ടായ്മകളുടെയും വ്യക്തികളുടെയും കൈവശമുള്ള കാർഷിക യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. 1000 രൂപ വരെയുള്ള പാർട്സുകൾ ഉപയോഗിച്ചുള്ള സർവീസ് സൗജന്യമായിരിക്കും എന്നതാണ് പദ്ധതിയുടെ വലിയ നേട്ടം.
യന്ത്രങ്ങളുടെ സ്പെയർ പാർട്സുകൾക്ക് നിബന്ധനകൾക്ക് വിധേയമായി ബിൽതുകയുടെ 25 ശതമാനം മുതൽ നൂറുശതമാനം വരെ പരമാവധി 2500 രൂപ വരെയും ലേബർ ചാർജിന്റെ 25 ശതമാനം വരെ പരമാവധി 1000 രൂപവരെയും കുറവ് ലഭിക്കും.
കൃഷിവകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗമാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. ജില്ലയിലെ മൂന്നാമത്തെ സർവീസ് ക്യാമ്പ് നാളെ കോഴായിലുള്ള കസ്റ്റം ഹയറിംഗ് സെന്ററിൽ നടക്കും. നന്നാക്കാൻ കൊണ്ടുവരുന്ന കാർഷിക യന്ത്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ മുൻകൂറായി വിളിച്ച് അറിയിക്കേണ്ടതാണ്. ഫോണ്: 9496681854 , 9496846155